Kerala
കുടുംബ പ്രശ്നത്തിൽ മധ്യസ്ഥ ചർച്ചക്കെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഇടിച്ച് കൊന്നു;സംഭവം കൊല്ലത്ത്
കൊല്ലം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്.
മഹൽ സെക്രട്ടറി ഷെമീറിനും മർദ്ദനമേറ്റെന്ന് എഫ് ഐ ആറിൽ പറയുന്നു. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിച്ചുവെന്നും ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
ദാമ്പത്യ തർക്കം പരിഹരിക്കുന്നതിനിടെയാണ് സലീം മണ്ണേൽ മരിച്ചത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേൽ. ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. സംഘര്‍ഷത്തിൽ ജമാഅത്ത് കമ്മിറ്റി ഓഫീസിനും കേടുപാടുണ്ടായി.