കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കോവിൽകടവ് ഭാഗത്ത് മേച്ചേരിതാഴെ വീട്ടിൽ അബ്ദുൾ റഫീഖ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ്സുകാരുമായി വാക്ക് തർക്കം ഉണ്ടാവുകയും, ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഇയാളും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എസ്.ഐ മാരായ രാജേഷ്, ബേബി ജോൺ, സി.പി.ഓ ശ്രീരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അബ്ദുൾ റഫീഖ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.