ചങ്ങനാശ്ശേരി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ കുരിശുംമൂട് മുന്തിരിക്കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (29) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ എട്ടാം തീയതി രാത്രി 9 മണിയോടുകൂടി ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിന് സമീപം വച്ച് മധ്യവയസ്കന്റെ നേരെ പെപ്പർ സ്പ്രേ അടിച്ചതിനു ശേഷം കയ്യിൽ കരുതിയിരുന്ന ഇടികട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ആനന്ദാശ്രമ ഭാഗത്തുള്ള കടയുടെ മുൻപിൽ നിന്ന് സാജു ജോജോ ചീത്തവിളിക്കുകയും, ഇത് മധ്യവയസ്കൻ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന മറ്റൊരാളെയും ഇയാൾ മർദ്ദിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി,അതുൽ കെ.മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് തിരുവല്ല,വാകത്താനം, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം തുടങ്ങിയ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.