Crime

കണ്ണൂരിൽ വസ്ത്ര കയറ്റുമതി സ്ഥാപനത്തിന് തീപിടിച്ച് വൻ നാശം

Posted on

കണ്ണൂർ: തോട്ടട എസ്.എൻ. കോളേജിന് സമീപം വസ്ത്ര കയറ്റുമതി സ്ഥാപനത്തിന് തീപിടിച്ച് വൻ നാശം. അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന അമ്പാടി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

ബുധനാഴ്ച രാത്രി 9.15-ഓടെയാണ് സംഭവം. തൊഴിലാളികളും ജീവനക്കാരും ജോലി കഴിഞ്ഞുപോയശേഷമാണ് അപകടമുണ്ടായത്. എന്റർപ്രൈസസിന്റെ രണ്ട്‌ ബ്ലോക്കിൽ നൂൽ സൂക്ഷിക്കുന്ന ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടം പൂർണമായും കത്തിനശിച്ചു.

ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. നൂല് സൂക്ഷിക്കുന്ന ബ്ലോക്കിൽനിന്ന് പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ ബ്ളോക്കിന്റെ ജനൽ തുറന്നുനോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു.

കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ, എടക്കാട് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരും കണ്ണൂർ, തലശ്ശേരി അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തീപിടിച്ചത് നൂലിനായതിനാൽ തീയണക്കുക ശ്രമകരമായിരുന്നു. 10.45-ഓടെ തീ നിയന്ത്രണവിധേയമായി.

തുണിത്തരങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് അമ്പാടി എന്റർപ്രൈസസ്. ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 2008 മുതൽ കണ്ണൂർ കോർപ്പറേഷനിലെ കിഴുത്തള്ളി ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 120-ഓളം ജീവനക്കാരാണ് ജോലിചെയ്യുന്നത്.

നൂൽ സൂക്ഷിക്കുന്ന ബ്ലോക്കിൽ ബുധനാഴ്ച പകൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതുമൂലം ഷോർട്ട് സർക്യൂട്ടുണ്ടായതാകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version