രാജ്യത്തിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു.കേരളം നൽകിയ ആറോളം മാതൃകകളാണ് കേന്ദ്രം തള്ളിയത്.
കന്നഡിഗരെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.കഴിഞ്ഞ വർഷം ബിജെപി സർക്കാർ നൽകിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കർണാടകയ്ക്ക് പരേഡിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു.
13 വർഷത്തിന് ശേഷം ആദ്യമായി നിശ്ചല ദൃശ്യം തള്ളിയതിനെതിരെ അന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് അന്ന് നിശ്ചല ദൃശ്യത്തിന് അനുമതി നൽകിയത്. കഴിഞ്ഞ വര്ഷം തമിഴ്‌നാടിന്റെ നിശ്ചല ദൃശ്യം കേന്ദ്രം തള്ളിയപ്പോൾ നിശ്ചല ദൃശ്യം തമിഴ്‌നാട്ടിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദർശനത്തിന് വച്ചാണ് തമിഴ്നാട് പ്രതിഷേധിച്ചത് .