Kerala
ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് മനുഷ്യന് വായിക്കാൻ പറ്റുന്നത് പോലെയാകണമെന്ന് ഹൈക്കോടതി
കട്ടക്ക്:രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനുള്ള കുറിപ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രധാനപ്പെട്ട രേഖകള്‍ വായിച്ചാല്‍ മനസ്സിലാകുന്ന തരത്തില്‍ എഴുതണമെന്ന് ഡോക്ടര്‍മാരോട് ഒഡീഷ ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ക്യാപിറ്റല്‍ ലെറ്ററില്‍ അല്ലെങ്കില്‍ ടൈപ്പ് ചെയ്യുന്ന രീതി സ്വീകരിക്കുന്നതിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച കോടതിക്ക് മുമ്പാകെ വന്ന ഒരു കേസില്‍ അനുബന്ധ രേഖയായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിക്കുന്നതിന് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എസ്.കെ പനിഗ്രാഹിക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്. മകന്‍ പാമ്പുകടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച പരാതിക്ക് ഒപ്പമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നത്.
റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ൃത്യമായി വായിച്ച് മനസ്സിലാക്കാന്‍ കഴിയാതെ വന്നതോടെ കോടതി നേരിട്ട് ഡോക്ടറോട് ഹാജരാകാനും റിപ്പോര്‍ട്ട് വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്റെ മകന്‍ മരണപ്പെട്ടത് പാമ്പിന്റെ കടിയേറ്റാണെന്ന് സ്ഥിരീകരിക്കാന്‍ കോടതിക്കും കഴിഞ്ഞത്. നിരവധി കേസുകളില്‍ ഡോക്ടര്‍മാര്‍ വളരെ ലാഘവത്തോടെ റിപ്പോർട്ട് തയ്യാറാക്കി നല്‍കുന്നത് പലപ്പോഴും വായിച്ചെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് പനിഗ്രാഹി നിരീക്ഷിച്ചു.
ഡോക്ടര്‍മാര്‍ ഒരു ഫാഷനെന്ന പോലെ ഇത്തരം കൈയെഴുത്ത് രീതി പിന്തുടരുന്നത് സാധാരണക്കാര്‍ക്കും കോടതിക്കും വായിച്ച് മനസ്സിലാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതായും കോടതി പറഞ്ഞു. ജനുവരി നാലിന് പുറത്തിറക്കിയ ഉത്തരവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പുതിയ മാനദണ്ഡം വേണമെന്ന് കോടതി നിര്‍ദേശിച്ചത്.