Kerala
അവസാന വാക്കിലും കരുതൽ; പ്ലസ് ടു വിദ്യാർഥികൾക്കുള്ള യാത്രയയപ്പു യോഗത്തിൽ പ്രസംഗിക്കുമ്പോൾ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
കൊരട്ടി (തൃശൂർ): ‘അവസാനമായി എനിക്കിതാണു പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവർ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല, ശരിയും തെറ്റും നിങ്ങൾ തന്നെ കണ്ടെത്തണം. ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താൻ ഇടവരുത്തരുത്’.
എൽഎഫ്സി എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് ക്ലാസുകൾ അവസാനിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്കു നൽകിയ യാത്രയയപ്പു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച അധ്യാപിക രമ്യ ജോസിന്റെ (41) അവസാന വാക്കുകളാണിത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
പ്രസംഗം പൂർത്തിയാക്കാനാകാതെ കുഴഞ്ഞുവീണ രമ്യയെ സഹപ്രവർത്തകർ സമീപത്തെ ദേവമാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കഴിഞ്ഞ വർഷം സ്കൂൾ വാർഷികാഘോഷത്തിനിടെ സമാനമായ രീതിയിൽ രമ്യ കുഴഞ്ഞുവീണിരുന്നു. അന്നു നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നു പറയുന്നു. 2012 മുതൽ ഇവിടെ പ്ലസ് ടു കണക്ക് അധ്യാപികയാണ്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഇന്ന് (09-01-2024- ചൊവ്വ) ഉച്ചയ്ക്ക് ഒരു മണിക്കു സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.സംസ്കാരം വൈകിട്ട് 05:00-ന് നെടുമ്പാശേരി അകപ്പറമ്പ് സെന്റ് ഗർവാസിസ് പ്രോത്താസിസ് പള്ളിയിൽ.