തൊടുപുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ എത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി ജില്ലയിൽ ഇടതുമുന്നണി ഹര്‍ത്താൽ.
ഗവര്‍ണര്‍ക്കെതിരേ നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇവിടെയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐയും അറിയിച്ചിട്ടുണ്ട്.
വ്യാപാര വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്‍ ഇതുവരെയും ഒപ്പിടാൻ തയാറാകാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി രാജ്ഭവൻ മാര്‍ച്ച് തീരുമാനിച്ചിട്ടുണ്ട്.
ഇതേ ദിവസം തന്നെയാണ് ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്നത്. ഇതോടെയാണ് ഗവര്‍ണറുടെ സന്ദര്‍ശനത്തെ പ്രതിരോധിക്കാൻ ഇടതു മുന്നണി ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.