Politics

തെരെഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല;ആത്മഹത്യ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു

കോയമ്പത്തൂർ∙ ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. ഗണേശമൂർത്തി ആത്മഹത്യാശ്രമം നടത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു. വെള്ളത്തിൽ കലക്കിയ ഉറക്കഗുളിക മുറിയിൽനിന്നു കണ്ടെത്തിയിരുന്നു. ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇപ്രാവശ്യം ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണു മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്കു വിട്ടുനൽകി. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർഥി. ഇപ്രാവശ്യവും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു.

എന്നാൽ മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു. ഇതിൽ ഗണേശമൂർത്തി മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. 77 വയസ്സുകാരനായ എംപി പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എംഎൽഎയും രണ്ടുതവണ എംപിയുമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top