ചങ്ങനാശ്ശേരി: പെരുന്ന മാരണത്തുകാവ് ശ്രീ അംബികാ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തിരുമൂലപുരം ഭാഗത്ത് മംഗലശ്ശേരി കടവ് കോളനിയിൽ മണിയൻ (56) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡിസംബർ 30ന് രാത്രിയിൽ ക്ഷേത്രത്തിൽ കയറി കാണിക്കവഞ്ചിയും, കുടവും കുത്തിപ്പൊളിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പകൽ സമയങ്ങളിൽ ലോട്ടറി വിൽപ്പനക്കാരൻ എന്ന നിലയിൽ നടന്നു സ്ഥലവും പരിസരവും വീക്ഷിച്ച ശേഷം രാത്രികാലങ്ങളിൽ മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ എം, പ്രസാദ് ആർ.നായർ, ജീമോൻ മാത്യു, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാന്‍ലി, അതുൽ. കെ.മുരളി, സൈനി സെബാസ്റ്റ്യൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി, തിരുവല്ല,പെരുമ്പട്ടി, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ പല അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്ക വഞ്ചികൾ പൊളിച്ച് പണം മോഷ്ടിച്ച നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.