കുമരകം: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം ഐഷാ മൻസിൽ വീട്ടിൽ അംജത് ഷാ (43) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുമരകം സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 9 വയസ്സുള്ള ആൺകുട്ടിയെയും, ഇയാളുടെ അനുജനെയും മർദ്ദിച്ചും, ശ്വാസംമുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞവർഷം മുതൽ കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാള്‍ പലപ്പോഴായി വീട്ടിൽ വന്നു പോയിരുന്നു. ഇതിനിടയില്‍ ഇയാൾ കുട്ടികളുടെ മാതാവിനെ സ്വന്തമാക്കുന്നതിന് വേണ്ടി പരാതിക്കാരനായ കുട്ടിയെയും, അനുജനെയും മർദ്ദിക്കുകയും, നെഞ്ചിന് ചേർത്ത് അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാൾ കടന്നുകളയുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. കുട്ടിയുടെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഒളിവിൽകഴിഞ്ഞിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി, പിച്ചകപള്ളിമേട് ഭാഗത്തുനിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
ഇയാൾ കാഞ്ഞിരപ്പള്ളിയിലും, പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ പിടികൂടുന്ന സമയം ഇയാളുടെ കയ്യിൽനിന്നും നിരവധി മന്ത്രവാദ തകിടുകളും മറ്റും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കുട്ടിയുടെ പിതാവിന്റെ മരണത്തെക്കുറിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ സാബു, സി.പി.ഓ മാരായ രാജു, ഷൈജു, അരുൺപ്രകാശ്, സാനു, മിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.