Kottayam

പാലായിലെ ഫൂട്പാത്തുകൾ കച്ചവടക്കാർക്ക് സ്വന്തം;വഴിയാത്രക്കാരൻ വീണാൽ അധികാരികൾക്കെന്ത്:പരാതിയുമായി ജോയി കളരിക്കൽ

Posted on

പാലാ ടൗണിലെ ഫുട്പാത്തുകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്തതിനെ സംബന്ധിച്ച് പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ മീനച്ചില്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.

പാലാ ടൗണിലെ ഫുട്പാത്തുകളുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരുടെ കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നതും മറിഞ്ഞു വീഴുന്നതും നിത്യസംഭവമായിരിക്കുകയാണെന്നും ഗവ. ആശുപത്രികവല മുതല്‍ സ്റ്റേഡിയം വരെയുള്ള ഫുട്പാത്തുകളുടെ പല ഭാഗങ്ങളിലും കച്ചവടക്കാര്‍ സാധനങ്ങള്‍ ഇറക്കി വച്ച് കൈയ്യേറിയിരിക്കുന്നതിനാല്‍ സ്ത്രീകളും കുട്ടികളും കാഴ്ചക്കുറവുള്ളവരും വൃദ്ധരുമായ കാല്‍നടക്കാര്‍ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരികയും ഇതുമൂലം പല അപകടങ്ങളും ഉണ്ടാകുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഫുട്പാത്തുകള്‍ സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ അധികാരികള്‍ക്ക് പലതവണ പരാതികള്‍ നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്നും ജോയി കളരിക്കല്‍ പരാതിയില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലൂടെ പോകുവാന്‍ കാല്‍നടക്കാരെ നിര്‍ബന്ധിക്കരുതെന്നും 17.01.2020-ലെ ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ടെന്നും ജോയി കളരിക്കല്‍ ചൂണ്ടിക്കാട്ടി.

നടപ്പാതകള്‍ കാല്‍നടക്കാര്‍ക്ക് ഉപയോഗിക്കുവാനുള്ളതാണെന്ന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാര്‍ഗരേഖ കേന്ദ്രമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കാല്‍നടക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുവാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യത ഉണ്ട്. ഫുട്പാത്തുകളിലും റോഡിലും മാര്‍ഗ്ഗതടസ്സമായ കൈയ്യേറ്റങ്ങള്‍ പാടില്ലെന്ന് മുനിസിപ്പാലിറ്റി നിയമത്തിലുമുണ്ട്. ഇത്തരം മാര്‍ഗ്ഗതടസ്സങ്ങള്‍ നീക്കാന്‍ നോട്ടീസ് പോലുമില്ലാതെ മുനിസിപ്പല്‍ സെക്രട്ടറിക്ക് അധികാരമുണ്ടെങ്കിലും നടപ്പിലാക്കാതെ ഇരിക്കുകയാണ്.

ഇത് സംബന്ധിച്ച് 7.3.2020 ന് കൂടിയ താലൂക്ക് വികസന സമിതിയിലും പാലാ നഗരസഭ സെക്രട്ടറിക്കും പാലാ പൗരാവകാശ സമിതി പരാതി നല്‍കിയിരുന്നതാണ്. പക്ഷേ ഇതുവരെ പരിഹരിച്ചിട്ടില്ല. ഇത് താലൂക്ക് വികസനസമിതിയിലുള്ള സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന അവസ്ഥയാണെന്നും പരാതിയില്‍ പറയുന്നു.

താലൂക്ക് ആസ്ഥാനമെന്ന നിലയില്‍ പാലാ ടൗണില്‍ എത്തുന്ന കാല്‍നടക്കാരുടെയും തദ്ദേശവാസികളുടെയും കാല്‍നടയാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഫുട്പാത്തിലേക്ക് സാധനങ്ങള്‍ ഇറക്കിവച്ച് മത്സരിക്കുന്നവരുടെ പേരില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഫുട്പാത്തിലുള്ള സാധനങ്ങളും തൂക്കിയിട്ടിരിക്കുന്നതും ഉടന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version