Kerala

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് ആംആദ്മി പാർട്ടി

Posted on

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ. സമൂഹമാധ്യമത്തിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. കേജ്‌രിവാളിന്റെ വീട്ടിൽ ഇന്ന് റെയ്ഡുണ്ടായേക്കുമെന്ന് മന്ത്രിമാരും അറിയിച്ചു. കേസിൽ ചോദ്യചെയ്യുന്നതിനായി ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കേജ്‌രിവാൾ ഹാജരായിരുന്നില്ല.

ഏത് സാഹചര്യവും നേരിടാൻ പാർട്ടി തയാറാണെന്ന് എഎപി നേതാക്കൾ അറിയിച്ചു. ‘‘രാവിലെ ഇ.ഡി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്നതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നു. അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.’’- എന്നാണ് ആംആദ്മി പാർട്ടി മുതിർന്ന നേതാവ് അതിഷി സമൂഹമാധ്യമത്തിൽ കുറിച്ചത്. പാര്‍ട്ടിയിലെ മുതിർന്ന നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും ഇക്കാര്യം പങ്കുവച്ചു.

ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ഇ.ഡി മൂന്നുതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കേജ്‌രിവാൾ ഹാജരായിരുന്നില്ല.  രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നാണ് കേജ്‌രിവാൾ ഇഡിക്കു മറുപടി നൽകിയത്. ഇ.ഡി നൽകുന്ന ഏത് ചോദ്യാവലിക്കും മറുപടി നൽകാൻ ഒരുക്കമാണെന്നും അറിയിച്ചു. ഇ.ഡി അനാവശ്യമായ രഹസ്യാത്മകത സൂക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നവംബർ 2, ഡിസംബർ 21, ജനുവരി 3 എന്നീ തീയതികളിലാണു കേജ്‍രിവാൾ ഹാജരാകാൻ ഇ.ഡി നോട്ടിസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version