പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഇന്ന് നടക്കാനിരുന്ന ഭദ്രാസന കൗൺസിൽ യോഗം മാറ്റി. മറുപടി നൽകാനില്ലാത്തതിനാൽ മെത്രാപ്പോലീത്ത മുങ്ങിയെന്നാണ് വിശ്വാസികൾ പറയുന്നത്.
ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകും. അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബിജെപിയിൽ ചേർന്നതെന്നാണ് ആരോപണം. ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകി. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം