പാലാ: കക്ഷി രാഷ്ട്രീയക്കാർക്കു നേരെ പൊതുവെയും ഏതാനും സമുദായാചാര്യൻ മാർക്കും രാഷ്ട്രീയ നേതാക്കൾക്കും എതിരെ പ്രത്യേകിച്ചും വിമർശനം നടത്തി മാദ്ധ്യമ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചു വരുന്നതായി കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ നാനാ തുറകളിൽ വിശിഷ്യാ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംവിധാനങ്ങളിൽ നിലനിൽക്കുന്ന ജീർണ്ണതയും അധാർമ്മികതയും കണ്ടില്ലെന്നു നടിച്ച് ഏതാനും സമുദായങ്ങളേയും പാർടികളെയും വിമർശിക്കാനൊരുങ്ങുന്നവർ സംയമനം പാലിയ്ക്കാത്ത പക്ഷം പലതും തുറന്നു പറയാൻ വിമർശനവിധേയരായ പാർടിക്കാരും സമുദായാംഗങ്ങളും നിർബന്ധിതരാകും.
ഉന്നത പദവിയിലിരിക്കുന്ന വരിൽ നിന്ന് പക്വതയാർന്ന മിതത്വ ഭാഷണമാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും സ്ഥാനത്തും അസ്ഥാനത്തും ബുൾഡോസർ വാക്കുകൾ പ്രയോഗിക്കുന്നവർ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാഹ്യ ശക്തികളുടെ ഗൂഢാലോചനകളുടെ ഭാഗമായി മാദ്ധ്യമങ്ങൾക്കു മുൻപിൽ തെറ്റിദ്ധാരണാജനകമായ വാക്കുകൾ പ്രയോഗിക്കുന്നവർ സ്വയം ജാഗ്രത പുലർത്തേണ്ടതുണ്ടന്നും ഉന്നത പദവിയിലിരിക്കുന്ന വരുടെ സ്ഥാനവും വേദിയും മറന്നുള്ള അഭിപ്രായപ്രകടനങ്ങൾ പ്രതിഷേധാർഹമാണന്നും പാലാ രൂപതാ പാസ്റ്ററൽ കൗൺസിൽ സാമൂഹ്യ-കർഷക ക്ഷേമ വിഭാഗം ചെയർമാൻ കൂടിയായ ഡാന്റീസ് കൂനാനിക്കൽ പറഞ്ഞു.