Kerala
റേഷന്‍ കാര്‍ഡ് പോലും വേണ്ട : 29 രൂപയ്ക്ക് ഭാരത് അരി, വില്‍പന ഉടന്‍
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സാധാരണക്കാരെ ഒപ്പം നിറുത്താന്‍ 29 രൂപയ്ക്ക് ഭാരത് റൈസ് എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിനുള്ള ആദ്യ ലോഡ് ഇന്നലെ എത്തിയിരുന്നു. വില്‍പന ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.
നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (എന്‍.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴിയാണ് വില്‍പന നടത്തുന്നത്. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാകും ലഭിക്കുക.
സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകള്‍ എന്‍.സി.സി.എഫ് ഉടന്‍ തുറക്കുമെന്നാണ് വിവരം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികള്‍, സ്വകാര്യ സംരംഭകര്‍ മുഖേനയും വില്‍പന നടത്തുമെന്ന് എന്‍.സി.സി.എഫ് കൊച്ചി മാനേജര്‍ സി.കെ.രാജന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാര സൗകര്യവും ഒരുക്കും. എഫ്.സി.ഐയില്‍ നിന്നാണ് അരി ശേഖരിക്കുന്നത്.
പൊതുവിപണിയില്‍ അരി വില കുതിക്കുകയും ആശ്വാസമാകേണ്ട സപ്ലൈകോ കാഴ്ചക്കാരാവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര നടപടി വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. സപ്ലൈകോ 25 രൂപയ്ക്കാണ് അരി നല്‍കിയിരുന്നത്. പക്ഷേ സബ്‌സിഡിത്തുക സര്‍ക്കാര്‍ നല്‍കാതായതോടെ കച്ചവടം നിലക്കുകയായിരുന്നു. സപ്‌ളൈകോ സബ്‌സിഡി സാധന വില കൂട്ടാനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനു മുന്നിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാവും നടപ്പാക്കുക.
ഭാരത് റൈസ് വാഹനത്തിന്റെ കേരളത്തിലെ ഫളാഗ് ഓഫ് ഇന്നലെ തൃശൂരിലായിരുന്നു. രാജ്യത്ത് അരിയുടെ ശരാശരി ചില്ലറ വില്പന വില കിലോയ്ക്ക് 43.5 രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാനം അധികം.
മാത്രമല്ല ഭാരത് അരി വാങ്ങാന്‍ റേഷന്‍ കാര്‍ഡ് വേണ്ട. പത്തു കിലോ വരെ ഒറ്റതവണ വാങ്ങാം. ഇന്നലെ എത്തിച്ചത് ഗുണമേന്മയുള്ള പച്ചരിയാണ്. വരും ദിസങ്ങളില്‍ മറ്റ് ഇനങ്ങളും എത്തിക്കുമെന്നാണ് വിവരം.