പാലാ :ചെയർപേഴ്‌സൺ ജോസിൻ ബിനോയുടെ അവസാന കൗൺസിൽ യോഗം എന്തുകൊണ്ടും ശ്രദ്ധേയമായി.തികച്ചും ശാന്തയായി അവർ കാണപ്പെട്ടു.എസ് എൻ ഡി പി മഞ്ഞ ബ്ലൗസും;എസ് ഡി പി ഐ പച്ച സാരിയുമായിരുന്നു അവർ ധരിച്ചിരുന്നത്.നാളെ രാജി വയ്ക്കുന്നതിന്റെ ജാള്യതയൊന്നും അവരിലില്ലായിരുന്നു.ഉള്ളതിന് ഉള്ളത് ചിയേഴ്‌സ് എന്ന രീതിയിൽ;ഒരു വർഷമെങ്കിൽ ഒരു വർഷം എന്നരീതിക്കാരിയാണവർ.ഏതായാലും അഴിമതിയുടെ കറ പുരണ്ടിട്ടില്ല എന്നവർക്ക് ആശ്വസിക്കാം .
കാന്താരി എന്തിനാ അധികം; ഒരെണ്ണം മതിയല്ലോ.കൗൺസിൽ തുടങ്ങിയതേ പ്രതിപക്ഷത്തെ വി സി പ്രിൻസും.ഭരണ പക്ഷത്തെ ജോസ് ചീരാൻകുഴിയും എഴുന്നേറ്റ് നിൽപ്പായി രണ്ടു പേർക്കും കാര്യമായി തന്നെ എന്തോ പറയാനുണ്ടെന്ന് രണ്ടു പേരുടെയും ഭാവം കണ്ടപ്പോൾ തന്നെ മനസിലായി.
പക്ഷെ വി സി പ്രിൻസ് ആദ്യം പ്രസംഗിച്ചപ്പോൾ ജോസ് ചീരാങ്കുഴി പയ്യെ എണീറ്റ് ചെയർപേഴ്‌സന്റെ ഡയസിൽ ചെന്ന് ഒരു കത്ത് ഏൽപ്പിച്ചു.കത്തിലുള്ളത് എന്താണെന്ന് അറിയാൻ കാതോർത്തെങ്കിലും വി സി പ്രിൻസും ആയുള്ള തർക്കത്തിൽ നീണ്ടു പോയി.ചെപ്പു കിലുക്കണ ചങ്ങാതി;ചെപ്പു തുറന്നൊന്നു കാട്ടൂലെ എന്ന പാട്ടു പോലെ ഒടുവിൽ ജോസ് ചീരൻകുഴിയുടെ രണ്ട് പേജുള്ള കത്ത് ജോസിന് ബിനോ സഭയിൽ വായിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ കൗൺസിൽ മീറ്റിങ്ങിനിടെ തന്റെ ആപ്പിൾ എയർ പോഡ് പ്രൊ ഹാളിൽ നിന്നും നഷ്ട്ടപ്പെട്ടു.അതാരാണ് എടുത്തെങ്കിലും അതുടനെ തിരിച്ചു നൽകണം .നൽകാത്ത പക്ഷം പോലീസ് കേസുമായി മുന്നോട്ടു പോകും എന്നാണ് കത്തിലുള്ളത്.എന്നാൽ കത്തിന്റെ അവസാനം ഒരു പൂഴിക്കടകൻ ഉണ്ടായിരുന്നു.തന്റെ ആപ്പിൾ എയർ പോഡ് പ്രൊ മോഷ്ടിച്ചയാൾ എവിടെ വച്ച് അത് ഉപയോഗിച്ചാലും തന്റെ ഫോണിൽ അത് അറിയുവാനുള്ള സംവിധാനം ഉണ്ടെന്നും എടുത്തയാൾ എവിടെയൊക്കെ വച്ച് അതുപയോഗിച്ചെന്നുള്ളത് തനിക്കറിയാമെന്നും അതിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നുമാണ് പറഞ്ഞിട്ടുള്ളത്.
ഇത്രയുമൊക്കെ പറഞ്ഞ ശേഷം ചെയർപേഴ്‌സൺ ജോസിൻ ബിനോ അത് എടുത്തത് ആരാണെങ്കിലും അങ്ങ് കൊടുത്തേര് അല്ലെങ്കിൽ പോലീസ് കേസാകും എന്നൊക്കെ പറഞ്ഞെങ്കിലും ആരും ഒന്നും മിണ്ടിയില്ല.അതിനിടയിൽ പ്രതിപക്ഷ നിരയിൽ വന്നിരുന്ന നിയുക്ത ചെയർമാൻ ഷാജു തുരുത്തൻ ഒരു നിർദ്ദേശം വച്ചു.ചെയർമാന്റെ മുറിയിൽ ഒരു ബോക്സ് വയ്ക്കുക അതിൽ കൊണ്ടിടുക ആരും ഒന്നും പറയണ്ട പ്രശനം തീരുമല്ലോ.
ഏതായാലും ആപ്പിൾ എയർ പോഡ് പ്രൊ എടുത്ത കൗൺസിലറുടെ മുഴുവൻ വിവരങ്ങളും ജോസ് ചീരാൻകുഴിയുടെ പക്കലുള്ള സ്ഥിതിക്ക് ഇന്ന് രാത്രിയിലോ ;നാളെ പകലോ എടുത്ത കൗൺസിലർ ബന്ധപ്പെടും എന്നുള്ളതിന് ഉറപ്പുണ്ട് . ഏതായാലും 35000 രൂപയുടെ സാധനം അറിയാതെ എടുത്തതല്ല മോഷണം തന്നെയാണ് .എന്നിട്ടു അത് ഉപയോഗിക്കുകയും ചെയ്തു.അതിനും തെളിവുണ്ട്.പ്രതി നിയമ വിദഗ്ദ്ധനാണെങ്കിലും കുടുങ്ങുമെന്ന് ഉറപ്പുണ്ട്.നിയുക്ത ചെയർമാൻ ഷാജു തുരുത്തൻ ഇന്ന് പ്രതിപക്ഷത്തോടൊപ്പം ഇരുന്നത് കൗതുകം പകർന്നെങ്കിലും അതൊക്കെ അപ്പച്ചന്റെ ഒരു തമാശല്ലേടാ മോനെ എന്ന അടൂർഭാസി തമാശുപോലെ ആയി കാര്യങ്ങൾ .ഞാൻ ചുമ്മാ അങ്ങ് ചെന്നിരുന്നെന്നേയുള്ളൂ അതിൽ വല്യ കാര്യമൊന്നുമില്ല എന്ന് കോട്ടയം മീഡിയയോട് അദ്ദേഹം പറയുകയും ചെയ്തു.ഏതായാലും അദ്ദേഹം ഒരു ഉത്സവ മൂഡിലാണ്.വളരെ കാലമായുള്ള തന്റെ ആഗ്രഹം സാധിക്കുന്ന സന്തോഷത്തിലാണ് ഷാജു തുരുത്തൻ.