Kerala

ഒരടി മുന്നോട്ട്;രണ്ടടി പിന്നോട്ട് :മണ്ണ് വിഷയത്തിൽ പ്രതിപക്ഷവും; കോൺഗ്രസ് ആഫീസ് ഒഴിപ്പിക്കൽ വിഷയത്തിൽ ഭരണ പക്ഷവും മലക്കം മറിഞ്ഞു

Posted on

പാലാ :മണ്ണ് വിഷയത്തിൽ പ്രതിപക്ഷവും; കോൺഗ്രസ് ആഫീസ് ഒഴിപ്പിക്കൽ വിഷയത്തിൽ ഭരണ പക്ഷവും മലക്കം മറിയുന്ന കാഴ്ചയാണ് ഇന്നലെ പാലാ  നഗരസഭാ യോഗത്തിൽ കണ്ടത്.ഈ വിഷയങ്ങളിൽ പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനിയും;ഭരണ പക്ഷത്തെ സാവിയോ  കാവുകാട്ടും പരസ്പ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയും സംജാതമായി .വാക് പോരിനൊടുവിൽ സാവിയോ;  സതീഷ് ചൊള്ളാനിയെ  ..ചൊള്ളാനി …ചൊള്ളാനി എന്ന് വരെ സംബോധന ചെയ്യുന്നിടം വരെ കാര്യങ്ങളെത്തി. പതിവ് ശാന്തത കൈവിട്ട് രൂക്ഷമായാണ് സതീഷ് ചൊള്ളാനി കോൺഗ്രസ് ആഫീസ് സംരക്ഷിക്കാനായി വാദിച്ചത്.കോൺഗ്രസ് ആഫീസ് ഒഴിപ്പിക്കാൻ ഇങ്ങു വാ കാണിച്ചു തരാം എന്ന് സതീഷ് പറഞ്ഞപ്പോൾ വരാൻ പോകുന്ന കോൺഗ്രസ് പ്രവർത്തകരുടെ രൂക്ഷമായ എതിർപ്പ്  ഭരണ പക്ഷത്തിനും മനസിലായി.

ഊരാശാല സ്‌കൂളിലെ പുനർ നിർമ്മാണത്തോടു അനുബന്ധിച്ച് മണ്ണ് മറിച്ചു വിറ്റു പതിനായിരങ്ങൾ കൗൺസിലർ വാങ്ങിയെന്നു ഏതോ ഒരാൾ സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ട കാര്യം കൗൺസിലർ തോമസ് പീറ്ററാണ് സഭയിൽ ഉന്നയിച്ചത്.ഉടൻ തന്നെ ഈ സ്‌കൂൾ ഏതു വാർഡിലാണ് എന്ന് സാവിയോ ചെയര്മാനോട് ചോദിച്ചു.23 ൽ എന്ന് മറുപടിയും ലഭിച്ചു .23 ആം വാർഡ് കൗൺസിലർ പ്രതിപക്ഷത്തെ ജിമ്മി ജോസഫ് ആയിരിക്കെ ജോസ് കെ മാണിയുടെ വാർഡിലെ മെമ്പർ പതിനായിരങ്ങൾ മറിച്ചു വിറ്റതിലൂടെ സമ്പാദിച്ചു എന്നാണ് ഏതോ ഒരാൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.എന്നാൽ ജോസ് കെ മാണിയുടെ വാർഡിലെ മെമ്പറായ     തനിക്കതിൽ ഒരു പങ്കുമില്ലെന്നു പ്രതിപക്ഷത്തെ കൊണ്ട് തന്നെ പറയിക്കുകയായിരുന്നു സാവിയോ യുടെ ലക്ഷ്യം .പ്രസ്തുത സ്‌കൂൾ പ്രതിപക്ഷ സംഘം സന്ദർശിക്കുമെന്നും കുറിപ്പുകൾ  ഉണ്ടായിരുന്നു.എന്നാൽ പ്രതിപക്ഷ സംഘം സ്ഥലം സന്ദർശിച്ചില്ല.ഭരണ പക്ഷത്തെ ആന്റോ പടിഞ്ഞാറേക്കര;സാവിയോ കാവുകാട്ട് ;ജോസിൻ ബിനോ;ബൈജു കൊല്ലമ്പറമ്പിൽ  എന്നിവർ സന്ദർശിക്കുകയും ചെയ്തു .സ്ഥലം കൗൺസിലർ വാർഡിലെ വികസന കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് എന്നൊരു തൊടു  ന്യായം പറഞ്ഞു മണ്ണ് വിവാദത്തിൽ നിന്നും സതീഷ് ചൊള്ളാനിയും പ്രതിപക്ഷവും പയ്യെ മലക്കം മറിഞ്ഞു.

തുടർന്നാണ് പാലാ ടൗണിലെ കോൺഗ്രസ് ആഫീസ് കയ്യേറ്റ പ്രശ്നം സഭയിൽ വന്നത്.വളരെ ശക്തമായി തന്നെ സതീഷ് ചൊള്ളാനി തങ്ങളുടെ ആഫീസ് സംരക്ഷിക്കാൻ  രംഗത്ത് വന്നു.മായാ രാഹുലും ശക്തമായി രംഗത്തുണ്ടായിരുന്നു .എന്നാൽ കോൺഗ്രസിലെ ആനി ബിജോയി മായാ രാഹുലിന്റെ അടുത്ത് ഇരുന്നത് കൊണ്ടാണെന്നു തോന്നുന്നു മായയുടെ മായീക പ്രപഞ്ചത്തിൽ നിന്നും ഊർജം കടം കൊണ്ട് ചാടിയെണീറ്റ് കോൺഗ്രസ് ആഫീസ് കയ്യേറിയതല്ലെന്നും.അതിനു രണ്ടു കോൺഗ്രസുകാർ വാടക കൊടുക്കുന്നുണ്ടെന്നും വാദിച്ചു.ഓട്ടൻ തുള്ളലുകാർ  കാണിക്കുന്ന കൈ മുദ്രകളും അകമ്പടി ആയിട്ടുണ്ടായിരുന്നു .ആരോഗ്യ-റവന്യൂ- എഞ്ചിനീയറിംഗ് വിഭാഗം സംയുക്ത പരിശോധന നടത്തി കൈയ്യേറ്റം കണ്ടെത്തിയെന്നും അതിൻ്റെ അടിസ്ഥാനത്തിൽ ടൗൺ ഹാൾ കോംപ്ലെക്സിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് ഓഫീസ് ഒഴിപ്പിക്കുമെന്നും ചെയർമാൻ നേരത്തെ  പ്രസ്താവിച്ചിരുന്നത് ചൂണ്ടി കാട്ടി സതീഷ് ചൊള്ളാനി ചോദിച്ചു ഇവിടെ എൻ സി പി യുടെ ആഫീസ് പ്രവർത്തിച്ചിരുന്നല്ലോ അതിനൊന്നും കുഴപ്പമില്ലല്ലോ.

തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ഓരോ വേഷം കെട്ടുമായി വന്നിരിക്കുകയാണെന്നും സതീഷ് ചൊള്ളാനി വാദിച്ചു .അളന്നതിന്റെയും ;കയ്യേറിയത്തിന്റെയും ഉദ്യോഗ സമിതിയുടെ റിപ്പോർട്ട് എവിടെയെന്നു ചൊള്ളാനി ചോദിച്ചപ്പോൾ ,അത് ലഭിച്ചിട്ടില്ലെന്ന് ചെയർമാൻ ഷാജു തുരുത്തൻ മറുപടി പറഞ്ഞു .ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിലാണല്ലോ ഈ പൊല്ലാപ്പ്  എല്ലാമെന്നായി അപ്പോൾ മായ രാഹുൽ.അതിനിടയിൽ മുൻ ചെയർപേഴ്‌സൺ ജോസിൻ ബിനോ കയ്യേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞ് ഭരണപക്ഷത്തെ ന്യായീകരിക്കുന്നുമുണ്ടായിരുന്നു .

എന്നാൽ ഇന്നത്തെ കൗൺസിൽ യോഗത്തിൽ പ്രസ്തുത വിഭാഗത്തിൽ നിന്നുമുള്ള പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിച്ചീട്ടില്ല, തയ്യാറാക്കി വരുന്നതേ ഉള്ളൂ എന്ന് ഭരണപക്ഷം തന്നെ വെളിപ്പെടുത്തി. പ്രസ്തുത വിഷയത്തിൻ്റെ റിപ്പോർട്ട് ലഭിക്കാതെയാണ് ചെയർമാൻ കൈയ്യേറ്റം നടത്തി എന്ന ആരോപണം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. പ്രസ്തുത വിഷയം കൗൺസിലിൽ ചർച്ച നടത്തിയപ്പോൾ മുൻപ് പറഞ്ഞതെല്ലാം പിൻവലിച്ച്  ചെയർമാൻ അവ്യക്തത അഭിനയിച്ചു . കഴിഞ്ഞ 4 വർഷമായി അഡ്വ.ജോസഫ് ടി ജോൺ വാടക കൊടുത്ത് നിയമപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മുറിയിലാണ് പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നതെന്നും അത് നിയമ വിരുദ്ധമല്ലെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി കൗൺസിലിൽ പറഞ്ഞു. 4 വർഷമായി ഉന്നയിക്കാത്ത സത്യ വിരുദ്ധമായ ആരോപണം ഇപ്പോൾ ഉന്നയിക്കുന്നത് ഇലക്ഷൻ മുന്നിൽ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാന്നെന്ന് പ്രൊഫ.സതീശ് ചൊള്ളാനി യോഗത്തിൽ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഇരിപ്പിടം ഭരണ കക്ഷി കൈയ്യേറിയതിനെതിരെ പ്രതിപക്ഷം ചെയർമാനുമായി ചർച്ച ചെയ്തു തീരുമാനം ഉണ്ടാക്കിയെന്ന് പറയുമ്പോഴും ഇന്നലെയും തീരുമാനമൊന്നുമുണ്ടായില്ല .പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനിയും;സിജി ടോണിയും;ലിസിക്കുട്ടി മാത്യുവും  ഇടതു വശത്തിരുന്നപ്പോൾ.അതിൽ നിന്നെല്ലാം മാറി വളവിൽ പോയി ഇരുന്നു മായാ രാഹുലും ;ആനി ബിജോയിയും.വളവിലായിരുന്നെങ്കിലും ചർച്ചയിൽ പങ്കെടുത്തതിൽ ഒരു വളവും ഇല്ലായിരുന്നു.വളവിലെത്തിയപ്പോൾ ആനി ബിജോയിക്കും വീര്യം കൂടി.അവർ ഇന്ന് ചർച്ചയിൽ പങ്കെടുത്തപ്പോൾ കൈയ്യും .കലാശവും ഒക്കെ കാണിക്കുന്നുണ്ടായിരുന്നു .അതേസമയം ഭരണ പക്ഷത്തെ കറുത്ത കുതിരകളായ ബിനുവും;ഷീബയും ഇടത്ത് വശത്തെ സ്വസ്ഥാനങ്ങളിൽ ഇരുന്നു.അവരെ അവിടെ നിന്ന് മാറ്റുവാൻ പറയാൻ ആർക്കും ധൈര്യം പോരാ.കൗൺസിലിന് ശേഷം പ്രതിപക്ഷ  നിരയിലെ സിജി ടോണി തങ്ങളുടെ സീറ്റ് ഭരണ പക്ഷം കൈയ്യടക്കിയതിനെതിരെ രോക്ഷം കൊള്ളൂന്നുണ്ടായിരുന്നു .

ഉടനെ ആനി ബിജോയിയും വളവിൽ നിന്നും ഓടി വന്ന് സിജി ക്കു ശക്തമായ പിന്തുണ നൽകി.അടുത്ത പ്രാവശ്യം ബലമായി തന്നെ നമുക്ക് അവിടെ കേറി ഇരിക്കണം.20 മിനിറ്റ് മുൻപേ കേറത്തൊള്ളൂ എന്ന് പറയാൻ ഇവർ ആരാ .അപ്പോൾ മായാ രാഹുലും അതിനെ ശരി വച്ചു.കണ്ണാടി ഇളക്കി വച്ചുകൊണ്ടു മായയും പറഞ്ഞു അടുത്ത പ്രാവശ്യമാവട്ടെ.അതുകേട്ടപ്പോൾ സിജി ടോണിക്കും വലിയ  സന്തോഷമായി. കാരണം മീശ മാധവൻ ആരെ നോക്കി മീശ പിരിച്ചാലും അന്ന് അയാളുടെ വീട്ടിൽ മോഷണം നടന്നിരിക്കും ;മായാ രാഹുൽ ആരെ നോക്കി കണ്ണാടി ഇളക്കിയാലും അന്നെന്തെങ്കിലും നടന്നിരിക്കുമെന്ന് സിജി ടോണിക്ക് നല്ലോണം അറിയാം .അതാണ് സിജി ടോണിയുടെ ആ ചിരിയുടെ അർഥം . പ്രതിപക്ഷത്തെ നിരന്തരം ശകാരിച്ചു കൊണ്ടിരുന്ന സിജി ടോണി  ഇവിടെ ഡാൻസ് കളിക്കുന്നുണ്ട് അതിനൊന്നും ഒരു കുഴപ്പവുമില്ല ഇപ്പോൾ പുതിയ നിയമം കൊണ്ട് വന്നിരിക്കുകയാ അവർ; 20 മിനിട്ടു മുമ്പേ കയറത്തോള്ളേന്ന് ഇതെന്നാ നിയമമാ ..?സിജി ടോണിയുടെ ശകാരം അനുസ്യൂതം  തുടർന്ന് കൊണ്ടിരുന്നു…

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version