Kottayam

പാലായിലെ അവിശ്വാസ പ്രമേയം: തുരുത്തനെ വാഴ്ത്താനോ ,വീഴ്ത്താനോ: കണക്ക് കൂട്ടലുകളുമായി ഇരു മുന്നണികളും

പാലാ:പാലാ നഗരസഭയിലെ രാഷ്ട്രിയ ചതുരംഗ കളി ആര് വിജയിക്കും. ആകാംക്ഷയോടെ രാഷ്ട്രിയ ലോകം
പാലാ നഗരസഭയിൽ സ്വതന്ത്രകൗൺസിലർ ജിമ്മി ജോസഫിനെ മുന്നിൽ നിർത്തി പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം തുരുത്തനെ പുറത്താക്കാനോ, അതോ നിലനിർത്താനോ..?

കൺഫ്യൂഷൻ തീർക്കണമെന്ന് സാദാ ജനം. കൺഫ്യൂഷൻ തീരണമെങ്കിൽ അവിശ്വാസ പ്രമേയ തീയതിയായ 14 വരെ കാത്ത് നിൽക്കണമോ? ഭരണപക്ഷത്തുള്ള സന്ധ്യ വിദേശത്ത് നിന്ന് വരുമോ?അതിന് മുൻപ് തുരുത്തൻ രാജിവയ്ക്കുമോ?പാലാ ടൗണിൽ ഇപ്പോൾ നടക്കുന്ന ചൂടേറിയ ചർച്ചയിപ്പോൾ ഇതാണ്.


കേരളാ കോൺഗ്രസ് എം ൻ്റെ എതിരാളികളുടെ ബുദ്ധി പൂർവ്വമായ ഒരു നീക്കമാണ് ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത എംൽഎ യുമായി അടുത്ത ബന്ധമുള്ള സ്വതന്ത്ര കൗൺസിലർ ആയ ജിമ്മിജോസഫിനെ കൊണ്ട് കൊടുപ്പിച്ച അവിശ്വാസ പ്രമേയം. കേരളാ കോൺഗ്രസ് എം കരാർ പ്രകാരം തുരുത്തന്
ഈ മാസം ഫെബ്രുവരി 2 വരെ മാത്രമെ ചെയർമാൻ സ്ഥാനം ഉണ്ടായിരുന്നുള്ളു. അടുത്തത് കേരളാ കോൺഗ്രസ് എം ലെ തന്നെ തോമസ് പീറ്ററിനാണ് ഊഴം.എന്നാൽ ഒരു വർഷമായി ഭരിക്കുന്ന തുരുത്തന് എതിരെ കരാർ പ്രകാരം കാലാവധി തീരാൻ ഒരു അഴ്ച മുൻപ് മാത്രം അവിശ്വാസത്തിന് പ്രതിപക്ഷത്തെ എല്ലാവരെയും കൂടെ തടുത്തു കൂട്ടി മിനിമം ഒപ്പിടേണ്ടതായ മൂന്നിലൊന്നായ 9 പേർ ഒപ്പിട്ട് നൽകിയത് അവിശ്വാസത്തി ലൂടെ പുറത്താകുകയെന്നല്ല.മറിച്ച് നിലനിർത്തുക, അതുവഴി കേരളാ കോൺഗ്രസ് എം ൽ ഭിന്നതയുണ്ടാക്കുകയെന്ന ബുദ്ധിയാണ് പ്രതിപക്ഷം പരീക്ഷിക്കുന്നത്.

കാരണം അവിശ്വാസ പ്രമേയം ചർച്ച വരുമ്പോൾ പകുതിയിൽ കൂടുതൽ അതായത് പതിനാല് പേരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമെ അവിശ്വാസം വിജയിക്കുകയുള്ളു. എന്നാൽ എത്ര പരിശ്രമിച്ച് സി.പി.എം ൽ നിന്ന് പുറത്താക്കപ്പെട്ട ബിനുപുളിക്കക്കണ്ടത്തിൻ്റെ പിന്തുണ കൂടി കിട്ടിയാലും പ്രതിപക്ഷത്തിന് 10 പേരുടെ പിന്തുണയേയുള്ളു. അപ്പോൾ സ്വഭാവികമായും അവിശ്വാസം പാസാകില്ല. മുൻസിപ്പൽ നിയമപ്രകാരം ഒരു പ്രാവശ്യം അവിശ്വാസം കൊണ്ട് വന്നാൽ പിന്നീട് ആറുമാസത്തിനു ശേഷമേ ചെയർമാൻ എതിരെ അവിശ്വാസം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. തുടർന്ന് മുനിസിപ്പൽ ഇലക്ഷനും ആവും. അങ്ങനെ തുരുത്തൻ സ്വയം രാജി വെച്ചില്ലെങ്കിൽ കേരള കോൺഗ്രസ് എം ന് അവിശ്വാസം കൊണ്ട് വരാൻ സാധിക്കുകയും ഇല്ല. രണ്ടാമതായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കുകയില്ലയെന്നാണ് രാഷ്ട്രീയ ബുദ്ധിജീവികൾ കണക്കുകൂട്ടന്നത്.

അങ്ങനെ പ്രതിപക്ഷത്തിൻ്റെ ചെയർമാൻ എന്നപോലെ; വരും മാസങ്ങളിൽ തുരുത്തനെ പ്രതിപക്ഷത്തിന് ഉപയോഗിക്കുകയും ചെയ്യാം .ഇനി അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ ഭരണപക്ഷം തീരുമാനിച്ചാൽ അവിശ്വാസം നൽകിയ സ്വതന്ത്ര കൗൺസിലറോടപ്പം പ്രതിപക്ഷം ഒരു പക്ഷേ വിട്ടുനിൽക്കും. അല്ലെങ്കിൽ നേരെ മറിഞ്ഞ് അനുകൂലിച്ച് വോട്ട് ചെയ്യാം. അപ്പോൾ ഭരണപക്ഷത്തിന് പുറത്താക്കാനുള്ള ഭൂരിപക്ഷമായ 14 കിട്ടില്ലയെന്ന് അവർ കണക്കുകൂട്ടുന്നു.

ഷാജു തുരുത്തനും ഷീബാ ജിയോയും പ്രതിപക്ഷത്തിന് ഒപ്പം നിൽക്കുകയും സിപിഐയുടെ കൗൺസിലർ വിദേശത്ത് നിന്ന് വരാതിരിക്കുകയും ചെയ്താൽ 13 കൗൺസിലർമാരുടെ പിന്തുണ മാത്രമേ ഭരണപക്ഷത്തിന് കിട്ടുകയുള്ളൂ എന്നതാണ് അവരുടെ കണക്കുകൂട്ടൽ. അങ്ങനെ തുരുത്തനെ തുടർന്നും ചെയർമാൻ സ്ഥാനത്ത് ഇരുത്തുക എന്നതാണ് പ്രതിപക്ഷ ലക്ഷ്യം.

അവിശ്വാസം കൊണ്ടു വന്നിട്ട് പ്രതിപക്ഷം വിട്ടു നിന്നാലും, തിരിഞ്ഞ് വോട്ട് ചെയ്താലും യുഡിഎഫിന് രാഷ്ട്രീയ എത്തിക്സിൻ്റെ പേരിൽ സംസ്ഥാന തലം വരെ പഴികൾക്കേണ്ടിവരും. അതുകൊണ്ട് അവർ അങ്ങനെ ചെയ്യുമോ എന്നും കാത്തിരിക്കണം. സി.പി .ഐ ലെ സന്ധ്യ ആർ വന്നാൽ ഭരണപക്ഷത്ത് 14 പേരായി സുരക്ഷിതമാകും .പക്ഷേ എല്ലാവർക്കും വിപ്പ് നൽകാൻ സാധ്യതയുള്ളതിനാൽ ഷാജു തുരുത്തനും മറ്റൊരു കൗൺസിലറും വിപ്പ് അനുസരിച്ചാൽ ഭരണപക്ഷത്ത് 16 പേര് ആകും. അല്ലെങ്കിൽ ജയിക്കാനുള്ള 14 പേർ മാത്രം ഭരണപക്ഷത്ത്. വിപ്പ് ലംഘിച്ചാൽ ആറുവർഷം വരെ ഇലക്ഷൻ നിൽക്കാൻ സാധിക്കാത്തതിനാൽ ഇവർ വിപ്പ് ലംഘിക്കുമോ എന്നും കാത്തിരുന്നു കാണേണ്ടതുണ്ട്. ഭരണപക്ഷം വിപ്പ് നൽകുമോ ? ഭരണപക്ഷംഅവിശ്വാസത്തെ പിന്തുണയ്ക്കുമോ? സന്ധ്യാ വിദേശത്ത് നിന്ന് വരുമോ? ഷാജു തുരുത്തൻ തുടരാൻ കേരളാ കോൺഗ്രസ് എം നേത്യത്വം അനുവദിക്കുമോ ..? അവിശ്വാസത്തിന് മുമ്പ് ഷാജു തുരുത്തൻ രാജി വയ്ക്കുമോ..? പ്രധാന പ്രതിപക്ഷമായ കോൺഗ്രസും, ജോസഫ് ഗ്രൂപ്പും നേത്യത്വം നൽകാതെ പൂർണ്ണ സ്വതന്തനായ ജിമ്മി ജോസഫ് കൊണ്ടുവന്ന അവിശ്വാസത്തെ കരാർ പാലിക്കാത്ത ഷാജു തുരുത്തനെതിരെ ഭരണപക്ഷത്തിൻ്റെ അവിശ്വാസമായി കൂടി പരിഹണിക്കുമോ? അങ്ങനെയെങ്കിൽ 26 ൽ 24 പേരുടെ കൂടെ പിന്തുണയോടെ ഷാജു തുരുത്തൻ പുറത്താകുമോ ..? ഈ ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണ് പാലാക്കാർ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top