ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ തീരുമാനം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും സർക്കാർ ആഘോഷങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം. ഹോർഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിച്ചത്. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി.

ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിനും ശേഷമാണ് അദ്ദേഹത്തിൻ്റെ വിയോഗം

