മലയാള സിനിമാ മേഖലയിലെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലഹരി ഉപയോഗിക്കുന്ന നാല് നായക നടന്മാർ സമീപ ഭാവിയിൽ മരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ അടുത്തകാലത്ത് എനിക്ക് കിട്ടിയ അറിവനുസരിച്ച് ഏറ്റവുമടുത്ത് മലയാള സിനിമയിൽ നാലെണ്ണം ചാകും. നാല് നായകന്മാർ ചാകും. നാലും ഈ സിന്തറ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നവരാണ്. എല്ല്, പല്ല്, പുല്ല് എല്ലാം ദ്രവിച്ച് പോയിക്കോണ്ടിരിക്കുകയാണ്. കാശിന്റെ കൊഴുപ്പുകൊണ്ട് മാത്രം നിലനിൽക്കുന്നെന്നാണ് പറയുന്നത്.
എഴുപത്തിനാല് വയസായ മമ്മൂട്ടിക്ക് പനി വന്നാൽ ഇരുപത്തിയഞ്ച് എപ്പിസോഡാണ് ഓരോ ചാനലും കാണിക്കുന്നത്. എഴുപത്തിനാല് വയസുവരെ അയാൾ മാന്യനായിട്ടാണ് ജീവിച്ചത്. അയാൾക്ക് ചെറിയ ചെറിയ പ്രശ്നങ്ങളെല്ലാം വരാം. മാസാമാസം ടെസ്റ്റുകളെല്ലാം ചെയ്യുന്നയാളായതിനാൽ ഇതുവരെ പെർഫെക്ടായി പോയി. പക്ഷേ ചെറിയൊരു അസുഖം വന്നു.
അതിനെ ഇവിടെ ആഘോഷമാക്കുന്നു. പക്ഷേ ഈ പല്ലും എല്ലുമൊക്കെ പോകുന്നവരെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല. നോക്കിക്കോ, സമീപ ഭാവിയിൽ മൂന്ന് നാലെണ്ണം ചാകും. ഇതൊക്കെ അകാലത്തിൽ ചത്തുപോകും. ആരൊക്കെയാണെന്ന് പറയുന്നത് ശരിയല്ല, അതുകൊണ്ടാണ് പറയാത്തത്. എന്നോട് ഒരാൾ പറഞ്ഞതാണ്. ഒരുത്തന്റെയും എല്ലും പല്ലൊന്നുമില്ലെന്നാണ് പറഞ്ഞത്. ഈ സിന്തറ്റിക് ഉപയോഗിച്ച് എല്ലാം പോയി. കോടികളുള്ളതുകൊണ്ട് കുറച്ചുകാലം പിടിച്ചുനിൽക്കും.’- അദ്ദേഹം പറഞ്ഞു.

