Kerala

പുത്തൻപാനയുടെ പന്ത്രണ്ടാം പാദത്തിൽ വർണ്ണിക്കുന്ന വ്യാകുല മാതാവിന്റെ ഹൃദയഭേദകമായ വിലാപം,പുത്തൻപാന വായന  കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെട്ടു

പാലാ സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വർഷങ്ങളായി വലിയ ആഴ്ചയിൽ നടത്തി വരുന്ന “പാനവായന” ഈ വർഷവും ഏപ്രിൽ മാസം പതിനേഴാം തീയതി ദുഃഖ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പാലാ കത്തീഡ്രൽ  ദേവാലയ അങ്കണത്തിൽ നടത്തപ്പെട്ടു. 50 വർഷത്തിൽ അധികമായി ദേവാലയത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഏതാനും ഭവനങ്ങളിൽ നടന്നുവന്നിരുന്ന ഈ ഭക്ത അനുഷ്ഠാനം ഏതാനും വർഷങ്ങളായി കത്തീദ്രൽ ദേവാലയങ്കണത്തിൽ തുടരുകയാണ്. 51 വർഷങ്ങൾക്ക് മുൻപ്  ആവിമൂട്ടിൽ കുര്യൻ്റെ (കുഞ്ഞേട്ടൻ) ഭവനത്തിൽ ഒരുമിച്ചുകൂടി ആരംഭിച്ച ഈ പാനവായന പിന്നീട് കുന്നുംപുറത്ത്
തോമസ് ആന്റണിയുടെ ഭവനത്തിൽ തുടരുകയുണ്ടായി.

അന്യ ഇടവകകളിൽ നിന്നും മറ്റ് രൂപത കളിൽ നിന്നും കൂടുതൽ ആളുകൾ ഈ പാന വായനയിലേക്ക് എത്തുന്നതുമൂലം കൂടുതൽ സൗകര്യാർത്ഥം ഏതാനും വർഷങ്ങളായി പാലാപ്പള്ളിയുടെ അങ്കണത്തിലാണ് ഇത് നടത്തിവരുന്നത്.  തോമസ് ആൻറണിയുടെയും ; ഷാജി.എ.കെ ആവിമൂട്ടിലിൻ്റെയും നേതൃത്വത്തിൽ സമീപസ്ഥരായ നൂറോളം പേരടങ്ങുന്ന പാന വായന സംഘമാണ് ഇതിന് നേതൃത്വം നൽകി വരുന്നത്. 50 നോയമ്പിന്റെ നിറവിൽ വ്രതശുദ്ധിയോടെ ഒരുങ്ങിയാണ് അംഗങ്ങൾ പാന വായനയിൽ പങ്കെടുക്കുന്നത്.പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് പാന വായനയിൽ പങ്കെടുത്ത് സന്ദേശം നൽകുകയും ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്യാറുണ്ട്.

ഈ വർഷം കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കാക്കല്ലിലും സഹ വികാരിമാരും പാന വായനയ്ക്ക് സജീവമായ നേതൃത്വം നൽകുകയുണ്ടായി. കൂടാതെ രൂപതാ കേന്ദ്രത്തിൽ വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബഹുമാനപ്പെട്ട വൈദികരും ഇതിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ദുഃഖ വെള്ളിയാഴ്ച ദേവാലയത്തിൽ നടക്കുന്ന പീഡാനുഭവ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം ആറുമണിക്കാണ് പാനവായന ആരംഭിക്കുന്നത്. ഇടവക കൂട്ടായ്മയിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സും, ഇടവകയിലെ എല്ലാ സംഘടന അംഗങ്ങളും, കുടുംബനാഥന്മാരും, നാഥകളും, കുട്ടികളും ഒന്നടങ്കം ഈ ചടങ്ങിൽ പങ്കെടുക്കാറുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈശോയുടെ ജനനം മുതൽ മരണവും ഉത്ഥാനവും വരെയുള്ള ചരിത്ര സംഭവങ്ങളാണ് ജർമ്മൻ കാരനായ അർണോസ് പാതിരി പുത്തൻപാനയിൽ പ്രതിപാദിച്ചിട്ടുള്ളത്. 1500 ൽ അധികം വരികളിലായി എഴുതപ്പെട്ട ഈ കൃതി ലക്ഷണമൊത്തൊരു വിലാപകാവ്യം എന്നതിലുപരി മലയാളഭാഷയ്ക്ക് വലിയ മുതൽക്കൂട്ടാണ്.

പുത്തൻപാനയുടെ പന്ത്രണ്ടാം പാദത്തിൽ വർണ്ണിക്കുന്ന വ്യാകുല മാതാവിന്റെ ഹൃദയഭേദകമായ വിലാപമാണ് ഈ കൃതിയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം. കുരിശു മരണത്തിനുശേഷം ഈശോയുടെ തിരുശരീരം മടിയിൽ കിടത്തിയപ്പോൾ അമ്മയായ പരിശുദ്ധ കന്യകാമറിയം നടത്തുന്ന വിലാപം ഏതൊരുവന്റെയും കരളലിയിക്കാൻ പോന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top