പാലാ: മുത്തോലി:- പഞ്ചായത്തിലെ ഏഴാം വാർഡ് വെള്ളിയേപ്പള്ളിയിൽ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. മീനച്ചിൽ തോടിന്റെ കൈവഴിയായ മുണ്ടുതോട്ടിലാണ് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നത്. രണ്ടു മാസത്തിനിടെ മൂന്നു പ്രാവശ്യം ടാങ്കർ ലോറിയിൽ മാലിന്യം തള്ളിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. രണ്ട് വർഷം മുമ്പും പല തവണ ഇതാവർച്ചപ്പോൾ പരാതിയുമായി എത്തിയവരോട് മാലിന്യം തള്ളിയവരെയും വാഹനവും കണ്ടെത്തി കൊടുക്കാനാണ് പോലീസ് പറഞ്ഞത്.

അതിനായി സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വെള്ളിയേപ്പള്ളി – മേവിട പി. ഡബ്ള്യൂ.ഡി റോഡിൽ വീടുകൾ കുറവുള്ള മുണ്ടുതോട്ടിൽ മാലിന്യം തള്ളുന്നത് അഞ്ചു കുടിവെള്ള പദ്ധതികളെ സാരമായി ബാധിക്കുന്നു. മൂവായിരത്തിലധികം ആളുകളുടെ കുടിവെള്ളമാണ് മലിനമാക്കപ്പെടുന്നത്. ഈ ഭാഗം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർക്ക് ശാരീരികാസാസ്ഥ്യംഉണ്ടായതു കൊണ്ട് അവർ പണി ഉപേക്ഷിച്ചു പോയതായി നാട്ടുകാർ പറഞ്ഞു. അധികാരികളുടെ നിസ്സംഗതയിൽ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. ഉടൻ ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് മുൻ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഹരിദാസ് അടമത്തറ പറഞ്ഞു.


