
കോട്ടയം:ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിവസത്തിലെ കുരിശിൻ്റെ വഴിക്ക് അനുമതി നിഷേധിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹവും മതേതര ഇന്ത്യയെ ഞെട്ടിക്കുന്നതുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എല്ലാ വർഷവും ഓശാന ഞായറാഴ്ച ഡൽഹി സേക്രട്ട് ഹാർട്ട് പള്ളിയിലേക്ക് ഓൾഡ് ഡൽഹിയിലെ സെൻ്റ് മേരിസ് പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി നടക്കാറുണ്ട്.
കേരളീയരായ നിരവധി കുടുംബങ്ങൾ പങ്കെടുക്കുന്ന എല്ലാവർഷവും നടക്കാറുള്ള കുരുത്തോല പ്രദക്ഷിണത്തിനാണ് ഇത്തവണ അനുമതി നിഷേധിച്ചത്. ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ്. ഉത്തരേന്ത്യയിലാകെ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ ഡൽഹിയിലും ആവർത്തിക്കും എന്നതിൻ്റെ സൂചനയാണിതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

