Kerala

കാൽ നൂറ്റാണ്ട് പഴക്കമുള്ള ചർക്ക മാറ്റി പുതിയ ചർക്ക കരഗതമാക്കി ജില്ലാ പഞ്ചായത്ത് :കിടങ്ങൂർ ഖാദി സെന്ററിന് പുത്തൻ ഉണർവ്

കിടങ്ങൂര്‍: കോട്ടയം ജില്ലാ പഞ്ചായത്ത് ചേര്‍ത്തുപിടിച്ചപ്പോള്‍ ഒരുപിടി പരാധീനതകളുടെ നടുവിലായിരുന്ന കിടങ്ങൂര്‍ ഖാദി സെന്ററിന്റെ പരാധീനതകള്‍ എല്ലാം പരിഹരിച്ച് ഉണര്‍വ്വായി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ വിവിധങ്ങളായിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് കിടങ്ങൂര്‍ ഖാദി സെന്റര്‍ മികവിന്റെ കേന്ദ്രമായി മാറിയത്. 1980 മുതല്‍ കിടങ്ങൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖാദി സെന്ററില്‍ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിര്‍മ്മിച്ച മന്ദിരത്തിന്റെ പൂര്‍ത്തീകരണവും നിലവിലുള്ള മന്ദിരത്തിന്റെ നവീകരണവും പുതിയ വിശ്രമമുറിയുടെ നിര്‍മ്മാണവും ഗ്രൗണ്ട് നവീകരണവും ആണ് പ്രധാനമായി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍.

കൂടാതെ ഇവിടെ ജോലിയെടുക്കുന്ന 15 സ്ത്രീകള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നൂല്‍നൂല്‍പ്പിനുള്ള ചര്‍ക്ക 25 വര്‍ഷത്തിലധികം പഴക്കമുള്ളതായിരുന്നു. നിലവിലുള്ള ചര്‍ക്കയിലൂടെ നൂല്‍നൂല്‍ക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു കാലപ്പഴക്കംകൊണ്ട്. വളരെ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു നിലവിലുള്ള പഴയ ചര്‍ക്കകള്‍ മാറ്റി നൂല്‍നൂല്‍പ്പിനുള്ള പുതിയ ചര്‍ക്കകള്‍ ലഭ്യമാകുക എന്നുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് 15 ചര്‍ക്കകളാണ് ഇപ്പോള്‍ ഈ കേന്ദ്രത്തില്‍ ജോലിചെയ്യുന്ന 15 വനിതകള്‍ക്കായിട്ട് ലഭ്യമാക്കിയിട്ടുള്ളത്.

കോട്ടയം ജില്ലയില്‍ ആകെയുള്ള 28 ഖാദി സെന്ററുകളില്‍ 8 ഖാദി സെന്ററുകളിലാണ് നൂല്‍നൂല്‍പ്പിനും നെയ്ത്തിനുമുള്ള സൗകര്യം ഉള്ളത്. കിടങ്ങൂര്‍ ഖാദി സെന്ററില്‍ 15 പേര്‍ക്ക് ഒരേ സമയം നൂല്‍നൂല്‍പ്പിനും 10 പേര്‍ക്ക് ഒരേ സമയം നെയ്ത്തിനുമുള്ള സൗകര്യമാണ് നിലവില്‍ സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. നൂല്‍നൂല്‍പ്പിനുള്ള സ്ലൈവര്‍ ജില്ലാ പഞ്ചായത്തില്‍ നിന്നാണ് ഖാദി സെന്ററുകള്‍ക്ക് നല്കി വരുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 ഖാദി സെന്ററുകള്‍ക്കും സ്ലൈവര്‍ നല്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി വിവിധങ്ങളായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു വരുന്നു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഖാദി സെന്ററുകള്‍ ത്രിതലപഞ്ചായത്ത് സംവിധാനങ്ങള്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലാ പഞ്ചായത്തിനു കൈമാറി കിട്ടിയ സ്ഥാപനമാണ്.

കിടങ്ങൂര്‍ ഖാദി സെന്ററില്‍ നടത്തിയ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും പുതുതായി സ്ഥാപിച്ച നൂല്‍നൂല്‍പ്പിനുള്ള ചര്‍ക്കകളുടെയും ഉദ്ഘാടനം 15.04.2025 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ ഖാദി സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top