
കോട്ടയം :അപകടകരമായ മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ഗുണകരമായ വ്യവസായങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

മദ്യവ്യവസായം സര്‍ക്കാരിനും, പൊതുസമൂഹത്തിനും കുടുംബങ്ങള്‍ക്കും വരുമാന നഷ്ടമുണ്ടാക്കുന്ന വരുമാനമാണ്. പെട്രോളും ലോട്ടറിയും നഷ്ടമുണ്ടാക്കുന്ന വരുമാനമല്ല. പൊതുജനം മദ്യം ഉപയോഗിക്കുക വഴി ഉണ്ടാക്കുന്ന റോഡപകടങ്ങള്‍, അക്രമങ്ങള്‍, കൊലപാതകങ്ങള്‍ ഇവയിലൂടെ സര്‍ക്കാരിനും പൊതുസമൂഹത്തിനുമുണ്ടാകുന്ന വരുമാന നഷ്ടം മദ്യവരുമാനത്തില്‍ നിന്നും ലഭിക്കുന്നതിന്റെ പതിന്‍മടങ്ങിരട്ടിയാണ്.
സംസ്ഥാനത്തെ കള്ളുഷാപ്പുകളോട് പ്രകടിപ്പിക്കുന്ന പ്രീണനം എന്താണ്? സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂര്‍പോലും വില്ക്കാനുള്ള കള്ള് ഇല്ലെന്നിരിക്കെ അനുവദിച്ചിരിക്കുന്ന സമയം മുഴുവന്‍ കള്ള് ലഭിക്കുന്നതെവിടെനിന്നാണ്. പാലക്കാട് കള്ളിന് ഫാക്ടറിയോ, ഡാമോ ഉണ്ടോ?
കള്ള് ഷാപ്പുകളെ ആധുനികവത്ക്കരിച്ച് നവീകരിക്കുമെന്ന് മന്ത്രി പറയുന്നു. കള്ളുഷാപ്പുകള്‍ എല്ലാവര്‍ക്കും കുടുംബസമേതം വരാന്‍ പറ്റുന്ന ഇടങ്ങളായി മാറ്റുകയാണ് ലക്ഷ്യമെന്ന് പറയുന്ന മന്ത്രിക്ക് എവിടെ നിന്നാണ് ഇത് പറയാനുള്ള ധൈര്യവും വീര്യവും ലഭിക്കുന്നത്.കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയെ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കാത്തത് വികലമായ മദ്യനയത്തെ ചോദ്യം ചെയ്യുമെന്ന് ഭയന്നാണ്.
ബ്രാണ്ടിയും വിസ്‌കിയും കൊടുത്തിട്ട് മദ്യമുള്‍പ്പെടെയുള്ള ലഹരിക്കെതിരായ പ്രവര്‍ത്തനത്തിന് ബവിറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍. ഫണ്ടിലെ 25% തുക ഉപയോഗിക്കുമെന്ന പുതിയ അബ്കാരി നയത്തിലെ നിര്‍ദ്ദേശം പ്രാകൃതമാണ്, വിരോധാഭാസമാണ്.സര്‍ക്കാര്‍ നയം തിരുത്തണം, തിരുത്തിയേ മതിയാകൂ. പൊതുസമൂഹത്തിന് ആപത്ക്കരമായ നയത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

