മുൻ മന്ത്രി കെ. എം. മാണിയുടെ സ്‌മരണാർത്ഥം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോട്ടയം ജില്ലാ പഞ്ചായത്തുമായി ചേർന്ന് കോഴായിൽ നിർമ്മിച്ച “കെ. എം. മാണി തണൽ വിശ്രമ കേന്ദ്രം” ചൊവ്വാഴ്ച നാടിന് സമർപ്പിക്കും.

പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കി സംസ്ഥാന സർക്കാർ വിഭാവനം ചെയ്‌ത പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച കുടുംബശ്രീ പ്രീമിയം കഫെയുടെ സംസ്ഥാനതല ഉദ്ഘാടനവും ഇതൊടൊപ്പം നടക്കും
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12ന് കുടുംബശ്രീ പ്രീമിയം കഫെയുടെ സംസ്ഥാനതല ഉദ്ഘാടനവും കെ. എം. മാണി ഛായാചിത്രം അനാച്ഛാദനവും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും.
കെ. എം. മാണി തണൽ വിശ്രമ കേന്ദ്രം സമർപ്പണം ജോസ് കെ. മാണി എം.പി. യും ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാൾ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹേമലത പ്രേംസാഗറും നിർവ്വഹിക്കും. അഡ്വ. മോൻസ് ജോസഫ് MLA അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എച്ച്. ദിനേശൻ സംസ്ഥാനതല പ്രീമിയം കഫെ പദ്ധതി വിശദീകരണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
സംസ്ഥാനത്തെ ഏറ്റവും മികച്ച “ടേക്ക് എ ബ്രേക്ക് സംരംഭമായി 2023 സെപ്റ്റംബർ 25 ന് നിർമ്മാണം ആരംഭിച്ച കെ.എം. മാണി തണൽ വിശ്രമ കേന്ദ്രം കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം എന്നിങ്ങനെ തുക വിനിയോഗിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 20 സെൻ്റ് സ്ഥലത്ത് 13046 ച.അടി. വിസ്തൃതിയിൽ ആണ് യാഥാർത്ഥ്യമാകുന്നത്.

