
പാലാ: ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാട്ടം നടത്തുന്ന മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കെ.സി.ബി.സി. നിലപാടിനോടൊപ്പം അടിയുറച്ചു നിൽക്കുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ജനപ്രതിനിധികൾ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി വോട്ട് ചെയ്യണം. മുനമ്പത്ത് ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം.
മുനമ്പംകാർക്ക് ഭൂമി വിറ്റ ഫാറൂഖ് കോളേജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കേ എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യുവാൻ ജനപ്രതിനിധികൾ സഹകരിക്കണം. യോഗത്തിൽ എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻറ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ്, വൈസ് പ്രസിഡണ്ട് ബിൽന സിബി, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.

