കാർഷികോല്പന്നങ്ങൾ മൂല്യ വർദ്ധിത സമ്പ്രദായത്തിലേക്ക് മാറ്റി പുതിയ മാനങ്ങൾ സൃഷ്ടിച്ചാൽ മാത്രമേ വിളകൾക്ക് കർഷകന്റെ അധ്വാനത്തിനനുസരിച്ചുള്ള മൂല്യം ലഭിക്കൂ എന്ന് കൃഷിമന്ത്രി പി പ്രസാദ്.നീലൂർ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഒന്നരക്കോട് രൂപയുടെ പുതിയ ഫ്രീസിങ് പ്ലാൻറ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

തനത് രൂപത്തിലുള്ള കാർഷികോല്പന്നങ്ങൾക്ക് ലഭിക്കുന്ന വിലയെ അപേക്ഷിച്ച് മൂല്യ ഉൽപ്പന്നങ്ങൾക്ക് എത്രയോ മടങ്ങ് വില ലഭിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംഎൽഎ മാണി.സി.കാപ്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.കാർഷികോല്പന്നങ്ങളുടെ വിപണനത്തിൽ ഇസ്രായേൽ മോഡൽ മാതൃകയാക്കണം എന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കാർഷികോല്പന്നങ്ങളുടെ വിലയിടിവിനൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ് കർഷകർ നേരിടുന്ന വന്യജീവി ആക്രമണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജോസ് കെ മാണി എംപി പറഞ്ഞു. നിലവിലുള്ള വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കമ്പനിയുടെ എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് ലൈസൻസ് ഫ്രാൻസിസ് ജോർജ് എം പി പ്രകാശനം ചെയ്തു.നാട്ടിലെ കാർഷികോൽപന്നങ്ങളുടെ വിപണനത്തിന് ഇത്തരം ഫ്രീസിങ് യൂണിറ്റുകൾ ഊർജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. നീലൂർ പ്രൊഡ്യൂസേഴ്സ് കമ്പനി പ്രസിഡൻറ് മത്തച്ചൻ ഉറുമ്പ് കാട്ട് സ്വാഗതം ആശംസിച്ചു

