Kerala

പാലാ ബജറ്റ് :ഒ എൻ വി യുടെ കവിതയുടെ അകമ്പടിയോടെ ചെയർമാൻ തോമസ് പീറ്റർ അവതരിപ്പിച്ചു

പാലാ നഗരസഭയുടെ 2025-26 ബജറ്റ് അവതരിപ്പിച്ചു. 56 കോടി 97 ലക്ഷം രൂപ വരവും 54 കോടി 13 ലക്ഷം രൂപ ചെലവും 2 കോടി 83 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെയര്‍മാന്‍ തോമസ് പീറ്ററാണ് അവതരിപ്പിച്ചത്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ബജറ്റ് പാസാക്കാനാതെ വന്നതോടെയാണ് വൈസ് ചെയര്‍പേഴ്‌സണ് പകരം ചെയര്‍മാന്‍ ബജറ്റ് അവതരിപ്പിച്ചത്. ആദ്യഘട്ടത്തിന് ശേഷം ബാക്കിഭാഗം വൈസ് ചെയര്‍പേഴ്‌സണ്‍ അവതരിപ്പിച്ചു.

35 വര്‍ഷത്തിലധികം പഴക്കമുള്ള എക്‌സസ്-റേ മെഷീന്‍ ഉപയോഗിച്ചാണ് പാലാ ജനറല്‍ അശുപത്രിയില്‍ വിവിധ രോഗ നിര്‍ണ്ണയങ്ങള്‍ നടത്തുന്നത്. ഇതിന് ശാശ്വത പരിഹാരമായി ഏറ്റവും നൂതനമായ ഡിജിറ്റല്‍ എക്സ് റേ മെഷീന്‍ ജനറല്‍ ഹോസ്പിറ്റലില്‍ സ്ഥാപിക്കും. ഇതിനായി ഒരു കോടി 83 ലക്ഷം രൂപ നീക്കി വച്ചു. കെ.എം മാണി സ്മാരക ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആവര്‍ത്തന ചിലവുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി മൂന്ന് കോടി രൂപ നീക്കിവച്ചു.

പാലാ നഗരസഭയിലെ കിടപ്പ് രോഗികള്‍ക്ക് വലിയ ആശ്രയമാണ് പാലിയേറ്റീവ് പരിചരണം. നിലവില്‍ ഒരു നഴ്സിന്റെ സേവനമാണ് പ്രൈമറി വിഭാഗത്തില്‍ ലഭ്യമായിട്ടുള്ളത്. രാജ്യസഭാംഗം ജോസ് കെ. മാണി എം.പി. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയൊരു വാഹനം അനുവദിച്ചിട്ടുണ്ട്. ഒരു നഴ്സിനെ കൂടി നിയമിക്കാനുള്ള നടപടി സ്വീകരിക്കുന്നതാണ്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 21 ലക്ഷം രൂപ നീക്കി വച്ചു. വയോജനങ്ങളുടെ സംരക്ഷണത്തിനായി 10 ലക്ഷം രൂപ വകയിരുത്തി. പാലാ ജനറല്‍ ആശുപത്രിയില്‍ ഐ.സി.യു. സംവിധാനം ഇല്ലാത്തതിന്റെ പേരില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള കേസുകള്‍ എല്ലാം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. ഐ.സി.യു സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രാരംഭ ചിലവുകള്‍ക്കായി 20 ലക്ഷം രൂപ മാറ്റിവെക്കുന്നു.

ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഹൊസ്പിറ്റല്‍ റോഡിന്റെ സൗകര്യക്കുറവ് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വികസനത്തിന് കാലതാമസം നേരിടുമെന്നതിനാല്‍ നിലവിലുള്ള റോഡിന്റെ ഓട സ്ലാബിട്ട് രണ്ട് വരി ഗതാഗതം സുഗമമാക്കും. ഇതിനായി നഗരസഭ 20 ലക്ഷം രൂപ വകയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്ത് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഈ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും. മുഴുവന്‍ വാര്‍ഡുകളും മറവി രോഗ സൗഹൃദ നഗരസഭയാക്കും. അതിന്റെ പ്രാരംഭനടപടികള്‍ക്കായി 1 ലക്ഷം രൂപ വകയിരുത്തും.നഗരസഭയില്‍ വൃക്കരോഗികള്‍ക്ക് സൗജന്യനിരക്കില്‍ ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പാലാ നഗരസഭയില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായിഭൂമിയുള്ള ആവശ്യക്കാര്‍ക്കെല്ലാം ഭവനം നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എങ്കിലും പുതിയ ആള്‍ക്കാരും വാടകക്കാരും എത്തുന്നത് കൊണ്ട് ഒരിക്കലും പൂര്‍ണ്ണമായി ഭവനരഹിതമുക്തനഗരമായി പാലാ നഗരസഭയ്‌ക്കെന്നല്ല ഒരു നഗരസഭയ്ക്കും പ്രഖ്യാപനം നടത്തുവാന്‍ കഴിയില്ല. അതുപോലെ നിരവധി കുടുംബങ്ങള്‍ക്ക് നിലവിലുള്ള ഭവനം മെയിന്റനന്‍സ് നടത്തേണ്ടതായും ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കേണ്ടതായും ഉണ്ട്. ലൈഫ് ഭവനപദ്ധതിയ്ക്കായി 40 ലക്ഷം രൂപ നീക്കിവെക്കുന്നു. കൂടാതെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവനപദ്ധതികള്‍ക്കായി 10 ലക്ഷം രൂപാ നീക്കി വെയ്ക്കുന്നു.

വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവരും തലചായ്ക്കാന്‍ ഇടമില്ലാത്തവരും നഗരസഭാ പ്രദേശത്ത് അഭയം തേടിയെത്തുമ്പോള്‍ അവരെ പാലായില്‍ നിന്ന് ഉന്മൂലനം ചെയ്യുക എന്നത് ഒരു സാംസ്‌കാരിക നഗരത്തിന് ഭൂഷണമല്ല. ഇതിന് പരിഹാരമായി മരിയ സദനവുമായി സഹകരിച്ച് താമസം, ഭക്ഷണം, മരുന്ന് മുതലായവ സൗജന്യമായി നല്‍കി യാചക പുനരധിവാസ കേന്ദ്രം നമ്മള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ നീക്കിവയ്ക്കുന്നു.നഗരസഭയുടെ ഉടമസ്ഥയിലുള്ള, ജനത, നെല്ലിത്താനം, പരമലക്കുന്ന് എന്നീ കോളനികളുടെ ഉന്നമനത്തിനായി 10 ലക്ഷം രൂപ നീക്കിവയ്ക്കുന്നു.

ഒരു നാടിന്റെ ഉയര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ആരോഗ്യമുള്ള ഒരു യുവജനത, യശഃശരീരനായ കെ.എം. മാണി സാര്‍ ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ കേരള ബഡ്ജറ്റിലൂടെ 22 കോടി രൂപ അനുവദിച്ച് പാലാ നഗരസഭയ്ക്കും കായിക ലോകത്തിനും നല്‍കിയ സംഭാവനയാണ് പാലാ സിന്തറ്റിക് സ്റ്റേഡിയം, തുടര്‍ച്ചയായി വന്ന വെള്ളപ്പൊക്കത്തില്‍ സിന്തറ്റിക് ട്രാക്കുകള്‍ നശിച്ചു പോയത് കായികപ്രേമികളേയും വളര്‍ന്നുവരുന്ന കായിക താരങ്ങളെയും വളരെ നിരാശരാക്കിയിരുന്നു. ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ഏഴു കോടി രൂപ ഇതിന്റെ മെയിന്റനന്‍സിനായി അനുവദിക്കുകയും തുടര്‍നടപടികള്‍ സ്വീകരിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതുമാണ്. ഉടന്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

സ്‌പോര്‍ട്സിന്റെ ഈറ്റില്ലമായ പാലായില്‍ വരും തലമുറയുടെ കായിക വാസന വളര്‍ത്തിയെടുക്കുന്നതിന് ഒരു ഓപ്പണ്‍ കളി സ്ഥലം ആവശ്യമാണ്. സര്‍ക്കാരിന്റെ സഹായത്തോടെ ഇ.എം.എസ്. കളിസ്ഥലം എന്ന പേരില്‍ സ്ഥലം ഏറ്റെടുത്ത് പുതിയ ഒരു മിനി സ്റ്റേഡിയം നിര്‍മ്മിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ അനുവദിക്കുന്നു . ആരോഗ്യപരിപാലനത്തിന് മുന്‍തൂക്കം നല്‍കി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ബഹുമാനപ്പെട്ട ജോസ് കെ. മാണി എം.പി.യുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് ഓപ്പണ്‍ ജിമ്മിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് വരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉടന്‍ തുറന്ന് കൊടുക്കും. പാലാ നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കും ജോലിക്കുമായി എത്തുന്ന വനിതകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സുരക്ഷിതമായ ഒരു താമസ സൗകര്യം അത്യാവശ്യമാണ്. പാലാ നഗരസഭയില്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും. ഇതുവഴി പാലാ നഗരസഭയ്ക്ക് പി.ഡബ്ല്യു.ഡി. നിരക്കിലുള്ള വാടക ലഭ്യമാവുകയും വരുമാന വര്‍ദ്ധനവ് ഉണ്ടാവുകയും സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സുരക്ഷിതമായ താമസ സൗകര്യം ലഭ്യമാവുകയും ചെയ്യും. ഇതുവഴി നഗരസഭയ്ക്ക് വര്‍ഷം 7.5 ലക്ഷം രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

വനിതകള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കും. ഇതിനായി പത്ത് ലക്ഷം രൂപ വകയിരുത്തുന്നു. അംഗന്‍വാടികളുടെ പ്രവര്‍ത്തനത്തിനും മെയിന്റനന്‍സിനും പുതിയ കെട്ടിട നിര്‍മ്മാണത്തിനുമായി 30 ലക്ഷം രൂപ മാറ്റി വയ്ക്കുന്നു.പാലാ നഗരസഭാ ഹോമിയോ അശുപത്രിയില്‍ ഹോമിയോ വിദഗ്ദ്ധ ചികിത്സാ വിഭാഗങ്ങളും ധാരാളം മികച്ച ഡോക്ടര്‍മാരും ഉള്ളതിനാല്‍ മുനിസിപ്പാലിറ്റിയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. കിടത്തി ചികിത്സയ്ക്കുള്ള സ്ഥലപരിമിതി ഒരു പ്രശ്നമാണ്. NAM ന്‍ സഹകരണത്തോടെ ഒരു കോടി രൂപ ചിലവഴിച്ച് കിടത്തി ചികിത്സാ വിഭാഗത്തിനായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും. ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആവര്‍ത്തന ചിലവുകള്‍ക്കും മരുന്ന് വാങ്ങുന്നതിനും 15 ലക്ഷം രൂപ വകയിരുത്തുന്നു. പാലാ നഗരസഭ ആയുര്‍വേദാശുപത്രിയില്‍ NAM ന്റെ സഹായത്തോടെ പുതിയ കെട്ടിടം നിര്‍മ്മിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആയുര്‍വേദാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആവര്‍ത്തന ചിലവുകള്‍ക്കും, മരുന്ന് വാങ്ങുന്നതിനും 20 ലക്ഷം രൂപാ വകയിരുത്തുന്നു.

പാലാ നഗരസഭയുടെ അധീനതയിലുള്ള സ്‌കൂളുകളുടെ മെയിന്റനന്‍സിനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി 30 ലക്ഷം രൂപ വകയിരുത്തുന്നു. പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി 30 ലക്ഷം രൂപ വകയിരുത്തുന്നു. പശ്ചാത്തല വികസനത്തിനും പാലാ നഗരസഭയിലെ റോഡുകളുടെ പുനരുദ്ധാരണത്തിനുമായി 2.45 കോടി രൂപ വകയിരുത്തുന്നു. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണ രംഗത്ത് പാലാ മുനിസിപ്പാലിറ്റി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തി വരുന്നത്. നിലവിലുള്ള ശുചിമുറികള്‍ മെയിന്റനന്‍സ് നടത്തിവരികയാണ്. ശുചിത്വമാലിന്യ സംസ്‌കരണത്തിനായി മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നഗരസഭയില്‍ പുതിയ എം.സി.എഫ്., ആര്‍.ആര്‍.എഫ്, സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മീനച്ചിലാറിലെ ജലശുദ്ധീകരണം, ബയോഗ്യാസ് പ്ലാന്റ് സ്ഥാപനതലം, ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍, ഉറവിട മാലിന്യ സംസ്‌ക്കരണത്തിനായി ജീ-ബിന്‍ വിതരണം എന്നിവ നടത്തുന്നതിനുമായി 4 കോടി രൂപാ വകയിരുത്തുന്നു.

പാലാ നഗരസഭയില്‍ മൂവാറ്റുപുഴ – പുനലൂര്‍ ഹൈവേയ്ക്ക് സമാന്തരമായി ജീര്‍ണ്ണിച്ച്, എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലുള്ള മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സ് പൊളിച്ച് നീക്കി നഗരസഭയ്ക്ക് ബാദ്ധ്യത വരാത്ത രീതിയില്‍ പി.പി.ഇ. വ്യവസ്ഥയില്‍ താഴത്തെ നിലകളില്‍ വ്യാപാര സമുച്ചയവും മുകള്‍ നിലയില്‍ ക്വാര്‍ട്ടേഴ്സുകളും സ്ഥാപിക്കും. അതുവഴി നഗരസഭയുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കും. പാലാ നഗരസഭയില്‍ ഓഫീസ് ഗവേണന്‍സിനും, ഡാറ്റാ ഡിജിറ്റലൈസേഷ നുമായി ജി.ഐ.എസ്. മാപ്പിംഗ് നടത്തുന്നതിലേയ്ക്ക് 30 ലക്ഷം രൂപ നീക്കിവയ്ക്കുന്നു.
നഗരസഭാ ഓഫീസിലെ അസൗകര്യം നിമിത്തം ഭരണ നിര്‍വ്വഹണത്തിലും, പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിലും തടസ്സം നേരിടുന്നു. ഓഫീസ് നവീകരണത്തിനായി 50 ലക്ഷം രൂപ നീക്കിവയ്ക്കുന്നു. പാലാ നഗരസഭയുടെ ഹൃദയഭാഗത്ത് ഉടമസ്ഥാവകാശ തര്‍ക്കം മൂലം പ്രവര്‍ത്തിക്കാതെ സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുന്ന അമിനിറ്റി സെന്റര്‍ സര്‍ക്കാര്‍ അനുമതിയോടെ നഗരസഭ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതിന്റെ മെയിന്റനന്‍സിനായി 5 ലക്ഷം രൂപ മാറ്റി വയ്ക്കുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 18 ലക്ഷം രൂപ നീക്കിവയ്ക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top