
പാലാ : ജീവിത സായന്തനത്തിൽ സൗഹൃദത്തിൻറെ നിറക്കൂട്ടുമായി മുത്തോലി ഗ്രാമപഞ്ചായത്ത് ഒരുക്കിയ വയോജന സൗഹൃദ യാത്ര നവ്യാനുഭവമായി.
.വിനോദത്തിന്റെ ആനന്ദം പകർന്നും കൂട്ടായ്മയുടെ സൗഹൃദം പേറിയും വയോജനങ്ങൾക്കായി എറണാകുളത്തേക്ക് മുത്തോലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിനോദയാത്രയിൽ പഞ്ചായത്തിലെ മുന്നൂറിലധികം അമ്മമാരും അച്ഛന്മാരും ആണ് സ്നേഹ യാത്രയുടെ മധുരം നുണഞ്ഞത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ത് ജി മീനാഭവൻ്റെ നേതൃത്വത്തിൽ നടത്തിയ പകൽ യാത്രയിൽ പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ഒപ്പം ചേർന്നു.
രാവിലെ എട്ടുമണിയോടെ മുത്തോലി ഗ്രാമപഞ്ചായത്തിൽ നിന്നും ആറു ബസ്സുകളിലായാണ് ഈ യാത്ര തിരിച്ചത്. ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും, ഹരിത കർമ്മ സേനയും യാത്രികരുടെ സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു.
മുത്തോലി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളെല്ലാം ഒരു കുടുംബമായി മാറുന്ന ഹൃദയസ്പർശിയായ നിമിഷങ്ങളായിരുന്നു ഉല്ലാസയാത്രയിൽ ഉടനീളം. പരസ്പരം ആശ്ലേഷിച്ചും,മധുരനൊമ്പരങ്ങൾ പങ്കിട്ടും അടിയും പാടിയും സ്നേഹത്തിൻറെ പുതിയ അദ്ധ്യായം രചിച്ച പകൽ.
തൃപ്പൂണിത്തുറ ഹിൽ പാലസ്. മട്ടാഞ്ചേരി,ഫോർട്ടുകൊച്ചി, വല്ലാർപാടം പള്ളി, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ബോട്ടിംഗും ക്രമീകരിച്ചിരുന്നു. 60 വയസ്സ് മുതൽ 90 വയസുവരെയുള്ള പഞ്ചായത്ത് നിവാസികൾ യാത്രയിൽ പങ്കെടുത്തു.
രാത്രി 8 മണിയോടുകൂടി ഗ്രാമപഞ്ചായത്തിൽ തിരിച്ചെത്തി രാത്രി ഭക്ഷണവും കഴിച്ചാണ് നിറഞ്ഞ ഓർമ്മകളുമായി വയോജനങ്ങൾ ഭവനങ്ങളിലേക്ക് മടങ്ങിയത്. എല്ലാവരെയും വസതിയിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
ജീവിതത്തിൽ ഒരിക്കലും ഇനി ഇത്തരത്തിൽ ഒരു യാത്ര സാധിക്കുമെന്ന് കരുതിയില്ലെന്ന് യാത്രികർ പറഞ്ഞു. അവിസ്മരണീയമാണ് ഈ യാത്ര.
വയോജനങ്ങൾ ഉല്ലാസയാത്രയിൽ പങ്കാളികളായത്. വയോജനങ്ങളുടെ ഉല്ലാസ യാത്രക്ക് മംഗളം നേരാൻ നിരവധി പേർ എത്തിയിരുന്നു.
പഞ്ചായത്ത് അധ്യക്ഷൻ എന്ന നിലയിൽ തൻ്റെ ഹൃദയത്തിൽ സ്പർശിച്ച അനുഭവമായിരുന്നു യാത്രയെന്ന് പഞ്ചായത്ത് പ്രസിഡൻറ് രൺജിത്ത് ജി മീനാഭവൻ അറിയിച്ചു. തങ്ങൾക്ക് ഒരിക്കലും ഇത്തരമൊരു യാത്ര നടത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അമ്മമാർ പറഞ്ഞു. ഇത്തരത്തിലുള്ള യാത്രകൾ ഇനിയും സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വയോജനങ്ങൾ യാത്ര അവസാനിപ്പിച്ചത്. യാത്രയിൽ പങ്കെടുത്ത വയോജനങ്ങളുടെ അനുഭവങ്ങൾ പങ്കിടാൻ വേദിയൊരുക്കുന്ന കാര്യം ആലോചനയിൽ ആണെന്നും പഞ്ചായത്ത് അധ്യക്ഷൻ അറിയിച്ചു.

