Kerala

ബംഗ്ളാദേശ് പൗരന്മാർ ബങ്കാളികൾ എന്ന പേരിൽ കേരളത്തിൽ ഒളിച്ച് കഴിയുന്നു

ബംഗ്ളാദേശ് പൗരന്മാർ ബങ്കാളികൾ എന്ന പേരിൽ കേരളത്തിൽ ഒളിച്ച് കഴിയുന്നു .എല്ലാ ജില്ലകളിലും ഇവരുടെ സാന്നിധ്യം ഉണ്ടെങ്കിലും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ ഏറെയും താമസിക്കുന്നത്. ജോലി അന്വേഷിച്ചെന്ന വ്യാജേനയാണ് പലരും ഇവിടെ തമ്പടിക്കുന്നത്.

അടുത്തിടെ പശ്ചിമ ബംഗാള്‍ സ്വദേശികളുടെ പേരില്‍ രേഖകളുണ്ടാക്കി വര്‍ഷങ്ങളായി തലസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാരായ കഫീത്തുള്ള, സോഹിറുദീന്‍, അലങ്കീര്‍ എന്നിവരെ തിരുവനന്തപുരം നെട്ടയത്തെ വാടക വീട്ടില്‍ നിന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ ഒരാള്‍ 2014 മുതല്‍ കേരളത്തില്‍ താമസിക്കുകയായിരുന്നു. കെട്ടിട നിര്‍മാണ ജോലിക്കായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് ഇവര്‍ കഴിഞ്ഞുവന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയില്‍ നിന്നുമാത്രം 27 അനധികൃത ബംഗ്ലാദേശികളെയാണ് പോലീസ് പിടികൂടിയത്.

കൂടാതെ തൃപ്പൂണിത്തുറ എരൂര്‍ മാത്തൂരില്‍ അനധികൃതമായി തങ്ങിയ ഒരു വനിതയടക്കം മൂന്നു ബംഗ്ലാദേശികളെയും പിടികൂടി.ആക്രി പെറുക്കി നടക്കുന്ന ഇവര്‍ കഴിഞ്ഞ നവംബറിലാണ് എരൂരില്‍ വീട് വാടകയ്‌ക്കെടുത്തത്. ഏജന്റിന്റെ സഹായത്തോടെ രണ്ട് ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യക്കാരനെന്ന പേരില്‍ കഴിയുകയായിരുന്നു. അങ്കമാലിയിലും ഒരാള്‍ പിടിയിലായി. ഇയാളുടെ കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്‌പോര്‍ട്ടും പോലീസ് കണ്ടെടുത്തിരുന്നു.

ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തിയിലൂടെ ഇയാള്‍ ഷാലിമാറിലെത്തിയ ശേഷം അവിടെ കുറച്ചുനാള്‍ താമസിച്ചു. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ആലുവയിലെത്തിയത്. പിന്നീട് അങ്കമാലിയില്‍ താമസിച്ച് കോണ്‍ക്രീറ്റ് പണി ചെയ്യുകയായിരുന്നു. നേരത്തേ രണ്ടുവട്ടം ഇയാള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. അന്ന് ഏജന്റിന് 5000 രൂപ നല്‍കിയാണ് രണ്ട് ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ ജോലി ചെയ്തുവന്ന രണ്ട് ബംഗ്ലാദേശി പൗരന്‍മാര്‍ പിടിയിലായി.

അഞ്ചല്‍, കൊട്ടിയം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ബംഗ്ലാദേശിലെ നെല്‍ഫാമറി ജില്ലയില്‍ നിന്നുള്ള നസറുല്‍ ഇസ്ലാം(35), ബംഗ്ലാദേശ് സ്വദേശി മനോവര്‍ ഹക്കന്‍ (28) എന്നിവരാണ് പിടിയിലായത്. ബംഗാള്‍ സ്വദേശി ഹനീഫ് അലി എന്ന പേരില്‍ വ്യാജ ആധാര്‍ കാര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. രണ്ടു വര്‍ഷത്തിലധികമായി കേരളത്തിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത നസറുല്‍ ഇസ്ലാമിനെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേരള പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗവും മണിക്കൂറുകളോളം ചോദ്യം ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മനോവര്‍ ഹക്കന്‍ കൊട്ടിയത്ത് താമസിച്ച് തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് എന്ന സ്ഥലത്ത് മാര്‍ക്ക് എന്ന കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തിട്ടുണ്ട്. വ്യാജ ആധാര്‍ കാര്‍ഡ് ബംഗ്ലാദേശില്‍ നിന്ന് തന്നെ സംഘടിപ്പിച്ചതാണെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും ഇയാള്‍ പോലിസിനോട് സമ്മതിച്ചു.

കൂടുതല്‍ ബംഗ്ലാദേശികള്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അനധികൃത താമസക്കാര്‍ക്ക് ഇന്ത്യന്‍ രേഖകള്‍ തയാറാക്കി നല്‍കുന്ന മാഫിയയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത്തരത്തില്‍ നിരവധി ബംഗ്ലാദേശ് സ്വദേശികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ഏജന്റുമാര്‍ വഴിയാണ് കേരളത്തില്‍ എത്തിയതെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top