ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാൻ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങൾ കണ്ടത് കണക്കിൽ പെടാത്ത കെട്ട് കണക്കിന് പണം.കേന്ദ്രസർക്കാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ സുപ്രീംകോടതി കൊളീജിയം അടിയന്തരമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിളിച്ചു ചേർത്തു .. ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ കൊളീജിയം തീരുമാനിച്ചതായാണ് സൂചന. അതേസമയം ജുഡീഷ്യറിയുടെ വിശ്വാസത കളങ്കപ്പെടുത്തിയ ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കണമെന്ന് കോളീജിയത്തിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീ പിടുത്തത്തെ തുടർന്നാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തീപിടുത്തം ഉണ്ടായപ്പോൾ ജസ്റ്റിസ് വർമ്മ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് അംഗങ്ങൾ എത്തി തീ അണയ്ക്കുകയായിരുന്നു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഫയർഫോഴ്സ് അംഗങ്ങളും പോലീസും തീപിടുത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി. ഇതിനിടയിലാണ് ഒരു മുറിയിൽ നിന്ന് കെട്ടുകടക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽ പെടാത്ത പണം ആണെന്ന് കണ്ടെത്തുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വിഷയം അതിവേഗം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതരുടെയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. പണം കണ്ടെത്തിയ വിവരം കേന്ദ്രസർക്കാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് കഹന്നയെ അറിയിച്ചു .ജുഡീഷ്യറിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഈ വിഷയത്തിന്റെ ഗൗരവ സ്ഥിതി ബോധ്യമായ ചീഫ് ജസ്റ്റിസ് സജീവ് ഖന്ന ഉടൻതന്നെ സുപ്രീംകോടതി കൊളീജിയം വിളിച്ച് ചേർക്കുകയായിരുന്നു. മുഴുവൻ അംഗങ്ങളും വർമ്മയ്ക്കെതിരെ നടപടി വേണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്

