Kerala

പഴയകാല വോളി ബോൾ താരങ്ങൾ വർഷങ്ങൾക്കു ശേഷം കളി തമാശകളുമായി കുടുംബസമേതം ഒത്തുചേർന്നു

Posted on

പാലാ: പഴയകാല വോളി ബോൾ താരങ്ങൾ വർഷങ്ങൾക്കു ശേഷം കളി തമാശകളുമായി കുടുംബസമേതം ഒത്തുചേർന്നു. 1976 മുതൽ 1982 വരെ മൂലമറ്റം പവർഹൗസ് കോളനിയിൽ താമസിച്ച് കെ.എസ്.ഇ.ബി താരങ്ങളായി ശോഭിച്ചവരാണ് വർഷങ്ങൾക്കു ശേഷം സമ്മേളിച്ചത്. മുൻ കെ.എസ്. ഇ .ബി വോളിബോൾ ടീമംഗവും ഇന്റർനാഷണൽ താരവുമായ മുഖ്യ സംഘാടകൻ മാണി സി.കാപ്പൻ എം.എൽ.എ സഹധർമ്മിണി ആലീസിനോടൊപ്പമാണ് എത്തിച്ചേർന്നത്.

കളിക്കളത്തിലെ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചും കെ.എസ്.ഇ.ബി കോളനിയിൽ കൂട്ടുകുടുംബം പോലെ ഒന്നിച്ചുള്ള ജീവിതവും ഓരോരുത്തരും ഓർത്തെടുത്തത് സംഗമത്തിൽ പങ്കെടുത്ത പുതുതലമുറക്ക് പുതിയ അറിവായി. കളിക്കളത്തിലുള്ള വീറും വാശിയും സ്വന്തം ടീമിന്റെ വിജയത്തിനു വേണ്ടി മാത്രമാണെന്നും എതിരാളികൾ സുഹൃത്തുക്കളാണെന്നും രാഷ്ട്രീയ കളിക്കളത്തിലും തന്റെ നിലപാടിന് മാറ്റമില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞത് പഴയ സുഹൃത്തുക്കൾ കയ്യടിച്ച് അംഗീകരിച്ചു.

മുൻ ഇന്റർനാഷണൽ താരങ്ങളായ ജോൺസൺ ജേക്കബ്,എം.എ ജോസഫ് സ്റ്റേറ്റ് താരങ്ങളായ അരുൺ തോമസ് ,ഗർവാസീസ്, ബേബി തോമസ്, അലക്സ് , തോമസ് ജോർജ്, ജോസ് തോമസ്, തങ്കച്ചൻ സെബാസ്റ്റ്യൻ, ടീം കോച്ച് ഷംസുദീൻ എന്നിവർ കുടുംബ സമേതം പങ്കെടുത്തു. തങ്ങളുടെ ഗണത്തിൽ നിന്നും മൺമറഞ്ഞുപോയ പി.ജെ ജോസ്, ജോസഫ് ജോസഫ്, ലൂക്ക് , ബഷീർ, ജോസ് തോമസ്, ബാബു, രാജു , ബ്ളെസൻ ടീം മാനേജർ കെ.കെ മാത്യു എന്നീ ഒമ്പതംഗങ്ങൾക്കും സ്മരണാഞ്ജലി അർപ്പിച്ചാണ് സംഗമം ആരംഭിച്ചത്. വീണ്ടും കുടുംബസമേതം സമ്മേളിക്കാമെന്ന് പരസ്പരം വാക്കു കൊടുത്താണ് സംഗമം പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version