Kerala

ലോക്‌സഭ, പഞ്ചായത്ത്, പിന്നെ കേരളം; ട്വന്റി20 മലയാളിക്ക് രക്ഷപ്പെടാനുള്ള അവസാന ബസ് : സാബു എം ജേക്കബ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുന്ന സാഹചര്യം ഉണ്ടാവുമെന്ന് ട്വന്റി20 കണ്‍വീനര്‍ സാബു എം ജേക്കബ്. മലയാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസാന ബസ്സാണ് ട്വന്റി20, അങ്ങനെ ചിന്തിച്ചില്ലെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ മലയാളി എന്ന വംശം കേരളത്തിലുണ്ടാവില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. എറണാകുളം ലോക്‌സഭാമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. ആന്റണി ജൂടിക്കുവേണ്ടി വൈപ്പിനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു കിറ്റെക്‌സ് എംഡി.

‘നടക്കാത്ത പ്രകടന പത്രികയുണ്ടാക്കി ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയല്ല ട്വന്റി20. ഇത്തവണ എറണാകുളത്തും ചാലക്കുടിയിലും ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ഇന്ത്യയിലെ തന്നെ ചരിത്ര സംഭവമായി മാറും. രണ്ട് എംപിമാരെ വിജയിപ്പിക്കുന്നതിലുപരി 2025 ല്‍ വരുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥികളുണ്ടാവും. ഭരണം ട്വന്റി 20 ഏറ്റെടുക്കും. അത് മാത്രമല്ല അത്തരമൊരു ചരിത്രമുണ്ടായാല്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. കേരളത്തിന്റെ ഭരണം ഏറ്റെടുക്കുന്ന സ്ഥിതി വരും. അങ്ങനെയെങ്കില്‍ കേരളം രക്ഷപ്പെടും. അങ്ങനെ ചിന്തിച്ചില്ലെങ്കില്‍, എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി തിരഞ്ഞെടുക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ മലയാളി എന്ന വംശം കേരളത്തിലുണ്ടാവില്ല. നിങ്ങളുടെ മക്കള്‍ കൂടെയുണ്ടാവില്ല. അവരെല്ലാം പഠിക്കാനായും ജോലി തേടിയും ഈ നശിച്ച നാട്ടില്‍ നിന്നും വിട്ടുപോകും. രക്ഷപ്പെടാനുള്ള അവസാന ബസാണ് ട്വന്റി20. ഈ ബസില്‍ കയറിയില്ലെങ്കില്‍ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടേക്കും.’ എന്നായിരുന്നു സാബു എം ജേക്കബിന്റെ വാക്കുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top