

കോട്ടയം: കേരള ചരിത്രത്തെപ്പറ്റി ഗഹനമായ ഒരു ക്ലാസ്സ് നടക്കുകയാണ്. എന്നാൽ ക്ലാസ്സെടുക്കുന്ന അധ്യാപികയാവട്ടെ ഒരു റോബോട്ടും. ഇന്ത്യയിലെ ആദ്യത്തെ എ.ഐ. അധ്യാപികയായ ഐറിസിനെ എന്റെ കേരളം പ്രദർശനമേളയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ പവിലിയനിൽ പരിചയപ്പെടാം. കുട്ടികൾക്കുള്ള സംശയങ്ങൾ ലളിതമായി പറഞ്ഞുകൊടുക്കാൻ ഐറിസിനാവും. മേക്കർലാബ്സ് എഡ്യൂടെക് വികസിപ്പിച്ചെടുത്ത ഐറിസ് വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായ പഠന അനുഭവങ്ങൾ പകർന്ന് നൽകി പരമ്പരാഗത അധ്യാപനരീതികളെ പരിവർത്തനം ചെയ്യുകയാണ്.
ഡ്രോണിന്റെ മാസ്മരികലോകത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുന്ന ഡ്രോൺ എക്സ്പീരിയൻസ് സെന്ററും ഇവിടെ സജ്ജമാണ്. ഫ്യൂസിലേജ് ഇന്നോവേഷൻസ് ഒരുക്കിയ ഈ സെന്ററിനോടൊപ്പം പാടങ്ങളിൽ അനായാസമായി മരുന്നു തളിക്കാനായി ഉപയോഗിക്കുന്ന അഗ്രികൾച്ചറൽ ഡ്രോണിന്റെയും സർവെയിലൻസ് ഡ്രോണിന്റെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ജെൻ എ.ഐ. എക്സ്പീരിയൻസ് സെന്ററിലാവട്ടെ ശബ്ദത്തിലൂടെ വീഡിയോ നിര്‍മ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കല്‍, പുതുതലമുറ വാക്കുകളുടെ വിശകലനം എന്നിവ എങ്ങനെ കൃത്യമായി ചെയ്യാമെന്നുള്ള കൃത്യമായ വഴികാട്ടലാണ്. യുഎസ്. വിസ ഇന്റർവ്യൂ തയ്യാറെടുപ്പുകൾ എ.ഐ.യുടെ സഹായത്തോടെ ചെയ്യാൻ സഹായകമാകുന്ന വിസമോങ്ക്സ് എന്ന ഫോറിൻ അഡ്മിറ്റ്സ് കമ്പനിയുടെ ഇന്റർവ്യൂ പ്ലാറ്റ്ഫോമും ഇവിടെ ശ്രദ്ധയാകർഷിക്കുകയാണ്.
ഹോളോഗ്രാം, റബർ കർഷക മേഖലയിലെ പാൽ സംഭരണം അനായാസമാക്കുന്ന ബാഗുകൾ, ഓർഗാനിക് പ്രോഡക്ട്സ്, ബയോബ്രിക്സ്, തുണിസഞ്ചികൾ, ഫാം ഓട്ടോമേഷൻ എന്നിവയുടെ വിപുലമായ പ്രദർശനവും ഇവിടെയുണ്ട്.
ഭാവിയുടെ സാങ്കേതികവിദ്യയെ തൊട്ടറിയാനായി ജനങ്ങൾക്കായി മേളയിൽ ഒരുങ്ങിയിരിക്കുന്നത് എട്ട് സ്റ്റാർടപ്പുകളാണ്.
ഫോട്ടോ: എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാർട്ടപ്പ് മിഷൻ പവലിയൻ
(കെ.ഐ.ഒ.പി. 831 / 2025)
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി ജലവിഭവ വകുപ്പ് സ്റ്റാൾ
കോട്ടയം : ജലശുചീകരണത്തിൻ്റെ വിവിധ ഘട്ടങ്ങൾ, അപ്പർ കുട്ടനാട് പാടശേഖരത്തിലെ ജലസേചനരീതി എന്നിവ പരിചയപ്പെടുത്തി ശ്രദ്ധ നേടുകയാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ ജലവിഭവ വകുപ്പിൻ്റെ സ്റ്റാൾ. നമ്മൾ കുടിക്കുന്ന വെള്ളം ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് ശുചീകരിക്കുന്നത് എന്നുള്ള മാതൃകയാണ് വാട്ടർ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. വായു കടത്തിവിടൽ,കൊയാഗുലേഷൻ,
അടിയിക്കൽ,
,അരിക്കൽ
അണുവിമുക്തമാക്കൽ
ക്ലോറിനേഷൻ
എന്നീ പ്രക്രിയകൾ ഘട്ടം ഘട്ടമായി മാതൃകയിലൂടെ പറയുന്നുണ്ട്. കുടിവെള്ളം പരിശോധനക്കായി എത്തിക്കേണ്ട വിധം, പരിശോധനാനിരക്കുകൾ, ഗുണനിലവാര പരിശോധനകൾ ഏതൊക്കെ തുടങ്ങി വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗം എന്നിവയെക്കുറിച്ചുള്ള വിശദീകരണ ചാർട്ടുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കൃഷിക്കായി ജലസേചന സൗകര്യം ഒരുക്കുന്നതിന്റെ മാതൃകയാണ് ജലസേചന വകുപ്പ് ഒരുക്കിയിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പ്രദേശമായതിനാൽ കുട്ടനാട്ടിലെ കൃഷി രീതിക്ക് ജലലഭ്യത ഉറപ്പുവരുത്തുന്ന വിധം വ്യത്യസ്തമാണ്.
വിവിധ പ്രദേശങ്ങളിൽ കുഴൽക്കിണറുകൾ കുത്തുന്നതിന്റെയും കിണറുകൾ നിർമിക്കുന്നതിന്റേയും വ്യത്യസ്തമായ രീതികൾ കാണിച്ചുതരുകയാണ് ഭൂജലവകുപ്പിൻ്റെ സ്റ്റാൾ. പാറ പ്രദേശം,മണൽ, തീരദേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുഴൽക്കിണർ നിർമാണം വ്യത്യസ്തമാണ്. ഭൂജലവകുപ്പ് പൊതുജനങ്ങൾക്കായി നൽകുന്ന സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള ചാർട്ട് ഭൂജലവകുപ്പിൻറ സ്റ്റാളിലുണ്ട്.
എന്റെ കേരളം മേളയിൽ ശ്വാനനായകന്മാരുടെ അത്യുഗ്രൻ പ്രകടനം
കോട്ടയം: എൻ്റെ കേരളം പ്രദർശന-വിപണന മേളയിൽ മികവുറ്റ അഭ്യാസപ്രകടനവുമായി ബേയ്ലിയും റോക്കിയും ചേതക്കും. കോട്ടയം കെ-9 ഡോഗ് സ്‌ക്വാഡിൽ ഒൻപത് മാസം പരിശീലനം നേടിയ നായ്ക്കളാണ് മൂവരും. മേളയുടെ ആഘോഷനിറവിൽ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം കാണികളുടെ കൈയ്യടി നേടി. ഒബീഡിയന്‍സ്, നര്‍ക്കോട്ടിക് ഡിറ്റെക്ഷന്‍, എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷന്‍, ട്രാക്കിങ് തുടങ്ങി ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ മികവ് തെളിയിക്കുന്ന പ്രകടനങ്ങളാണ് ബേയ്ലിയും റോക്കിയും ചേതക്കും കാണികള്‍ക്ക് മുമ്പില്‍ കാഴ്ച്ച വച്ചത്. ലാബ്രഡോർ ഇനത്തില്‍പ്പെട്ട ബേയ്ലിയും റോക്കിയും എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷനിലും നര്‍ക്കോട്ടിക്ക് ഡിറ്റക്ഷനിലും മികവ് പുലര്‍ത്തിയപ്പോള്‍, ബെൽജിയൻ മലിനോസ് ഇനത്തില്‍പ്പെട്ട ചേതക് മനുഷ്യഗന്ധ ട്രാക്കിങ്ങിൽ കൃത്യത പുലര്‍ത്തി. ക്രമത്തിലുള്ള പരിശീലനത്തിലൂടെ സ്വായത്തമാക്കിയ ചിട്ടയും ചടുലതയും കാണികളുടെ മനം കവർന്നു.
പോലീസ് സബ് ഇൻസ്‌പെക്ടർ കെ.വി. പ്രേംജിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിൽ എ.എസ്.ഐ. എസ്. സജികുമാർ, ബിജുകുമാർ, സിവില്‍ പോലീസ് ഓഫീസർമാരായ ബിറ്റു മോഹൻ, വി. ജെ. ജോസഫ് എന്നിവരും പങ്കുചേർന്നു.
കലാവിരുന്ന് ഒരുക്കി ഭിന്നശേഷി കലാനിപുണരുടെ സംഗമം
കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഭിന്നശേഷി കലാനിപുണരുടെ സംഗമം കലാവിരുന്ന് കൊണ്ട് ശ്രദ്ധേയമായി. സാമൂഹികനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ പാലാ മരിയ സദൻ സ്ഥാപനത്തിലെ 16 ഭിന്നശേഷി കലാകാരന്മാരാണ് ഗാനമേള അവതരിപ്പിച്ചത്. തങ്ങൾക്ക് കിട്ടിയ വേദിയെ അവർ ആഘോഷപൂർവ്വം കൊണ്ടാടി. ആടിയും പാടിയും താളം പിടിച്ച് മലയാളം തമിഴ് ഗാനങ്ങളിലൂടെ കാലാകരൻമാർ വേദി കൈയടക്കി.
കാണികൾ അവരുടെ നിറഞ്ഞസ്നേഹം കൈയടികളുടെ രൂപത്തിൽ തിരിച്ചു നൽകി. ഒരുമണിക്കൂറോളം കലാപരിപാടികൾ നീണ്ടു നിന്നു.
കങ്ങഴയിലെ ഹീരാം ട്രസ്റ്റിലെ ഭിന്നശേഷിക്കാരുടെ ഫാഷൻ ഷോയും ഇതിൻറ ഭാഗമായി നടന്നു.

