Kerala

ചാക്കോച്ചന്റെ നല്ല മനസ്സ് : വെളിയന്നൂരിൽ 10 പേർക്കുകൂടി വീട് ആകും:മനസോട് ഇത്തിരി മണ്ണ് കാമ്പയിന്റെ ഭാഗമായി നൽകിയ ഭൂമി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി

Posted on

 

 

കോട്ടയം: ഭവനരഹിതരായ കുടുംബങ്ങൾക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘മനസോട് ഇത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിർമാണത്തിന് 78 സെന്റ് ഭൂമി സംഭാവന നൽകി ഉഴവൂർ കിഴക്കേക്കുറ്റ് ചാക്കോച്ചൻ മാതൃകയായി. ലൈഫ് പദ്ധതിപ്രകാരം 10 വീടുകളാണ് ഈ സ്ഥലത്ത് നിർമിക്കുന്നത്.
ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സർക്കാർ സ്ഥാപനങ്ങളുടെ മുൻകൈ കൊണ്ട് മാത്രം സാക്ഷാത്കരിക്കുക എളുപ്പമല്ലെന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ‘മനസോട് ഇത്തിരി മണ്ണ്’ കാമ്പയിൻ പ്രഖ്യാപിച്ചത്.

ഭൂമി കൈവശമുള്ളതും എന്നാൽ വീടില്ലാത്തതുമായ കുടുംബങ്ങൾക്ക് ഊന്നൽ നൽകി ലൈഫ് മിഷൻ പദ്ധതി രണ്ടാം ഘട്ടത്തിലുൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമ്മാണം വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിരുന്നു. മൂന്നാം ഘട്ടത്തിൽ, ഭൂമിയോ പാർപ്പിടമോ ഇല്ലാത്ത വിഭാഗത്തിന് ലക്ഷ്യമിട്ടപ്പോഴാണ് ഭൂമി വാങ്ങി നൽകുന്നതിനുള്ള സാമ്പത്തികം തടസമായത്. ഈ ഘട്ടത്തിലാണ് പ്രവാസിയായ കിഴക്കേക്കുറ്റ് ചാക്കോച്ചൻ സഹായമനസുമായി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചത്. മൂന്നാം ഘട്ടത്തിൽ ഈ പത്ത് വീടുകളുടെ നിർമ്മാണം കൂടി പൂർത്തിയാവുന്നതോടെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീട് നൽകിയ ഗ്രാമ പഞ്ചായത്തായി വെളിയന്നൂർ മാറും.

ചാക്കോച്ചൻ, ഭാര്യ ഷിജി ചാക്കോച്ചൻ, മക്കളായ ആര്യ, ആരതി , അമൽ എന്നിവരിൽ നിന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഭൂമി നൽകുന്നതിനുള്ള സമ്മതപത്രം ഏറ്റുവാങ്ങി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ പി.എം. മാത്യു, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരം സമിതി അധ്യക്ഷൻമാരായ സണ്ണി പുതിയിടം , ജോമോൻ ജോണി, അർച്ചന രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജൂ, ഉഷ സന്തോഷ് സെക്രട്ടറി ടി. ജിജി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version