പാലാ: പൂവരണി പള്ളിയിലെ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് എസ് എച്ച് സൺഡേ സ്കൂളിന്റെയും സിഎംഎല്ലിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട കലാസന്ധ്യ ‘വേവ്സ് 25’ ശ്രദ്ധേയമായി. ഇരുനൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്ത മൂന്നര മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാം പുതിയതും വൈവിധ്യമാർന്നതുമായ നിരവധി വിഭവങ്ങൾ കൊണ്ട് സംമ്പുഷ്ടമായിരുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണവും ചിത്രീകരണവും വിവരിച്ചുകൊണ്ട് കൊച്ചു കുട്ടികൾ അവതരിപ്പിച്ച ആവേ മരിയ എന്ന പ്രോഗ്രാം വളരെ മനോഹരമായിരുന്നു. ക്രിസ്തു ശിഷ്യന്മാരിൽ ഒരോരുത്തരുടെയും പ്രത്യേകതകൾ പറഞ്ഞു പരിചയപ്പെടുത്തിയതും തുടർന്ന് ക്രിസ്തുനാഥനോടൊപ്പം പെസഹാ ആചരിക്കുന്ന ദൃശ്യാവതരണവും അനുഭവവേദ്യമായിരുന്നു. ഈശോയുടെ പരസ്യജീവിതം അടിസ്ഥാനമാക്കി അവതരിപ്പിച്ച നിഴൽ നാടകവും ക്രിസ്തീയതയിലൂന്നിയ ഭരതനാട്യവും നവ്യാനുഭവമായി. പിശാചു ബാധിതനെ സൗഖ്യപ്പെടുത്തുന്ന ബൈബിൾ രംഗാവതരണം യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നതായിരുന്നു.

യേശുവിൻ്റെ പീഡാസഹനവും കുരിശുമരണവും ഉൾപ്പെടുത്തിയ മൂകാഭിനയം ഹൃദയസ്പർശിയായിരുന്നു. ചടുല താളത്തിനൊത്ത് കുരുന്നുകൾ വച്ച നൃത്തച്ചുവടുകളും ആകർഷണീയമായിരുന്നു. എസ് എം വൈ എം, ലീജൻ ഓഫ് മേരി എന്നീ സംഘടന അംഗങ്ങളും കലാസന്ധ്യയിൽ പങ്കാളികളായി. പട്ടാളക്കാരുടെ ത്യാഗവും ജാഗ്രതയും ചൂണ്ടിക്കാട്ടിയ മൈം ദേശസ്നേഹത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.

