പാലാ:രാജ്യത്തെ മികച്ച ഏലം കർഷകനുള്ള മില്യനയർ ഫാർമർ ഓഫ് ഇൻഡ്യ ദേശീയപുരസ്കാരം നേടിയ പാലാ വെള്ളിയേപ്പള്ളിൽ വി ജെ ബേബി രാജ്യത്തെ കർഷകർക്ക് തന്നെ മാതൃകയാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കാർഷിക മേഖലയിൽ മാന്ദ്യം നേരിടുകയും കർഷകർ കൃഷിയിൽ നിന്നും പിന്തിരിഞ്ഞുവരുന്ന കാലഘട്ടത്തിൽ തന്റെ കൃഷിയിടത്തെ പരമാവധി വിജയത്തിലെത്തിച്ച വി ജെ ബേബി കർഷകർക്ക് പുതിയ ആവേശം നൽകുന്നതായി ജോസ് കെ മാണി പറഞ്ഞു.മകനെ കാർഷിക വൃത്തിയിലേക്ക് കൈപിടിച്ച് കയറ്റിയ പോരാളിയാണ് വി ജെ ബേബിയെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
പാലായിൽ നടന്ന ലളിതമായ ചടങ്ങിൽ വി ജെ ബേബിക്ക് കെ എം മാണി ഫൗണ്ടേഷന്റെ ആദരം സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജോസ്കുട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, മുൻ പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ല പഞ്ചായത്ത് അംഗം പി എം മാത്യൂ, ബേബി ഉഴുത്വാൽ, ആന്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പൻ, ജയ്സൺ മാന്തോട്ടം, ടോമി തകടിയേൽ, ജീഷോ ചന്ദ്രൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.
അവാർഡ് ജേതാവായ വി ജെ ബേബി പ്രമുഖ പ്ലാൻ്റർ ആയിരുന്ന പാലാ വെള്ളിയേപ്പള്ളിൽ പരേതനായ വി എം ജോസഫ് (കൊച്ചേട്ടൻ) ൻ്റെ പുത്രനാണ്. ഡിഗ്രി പഠനത്തിനു ശേഷം പിതാവിനൊപ്പം കാർഷിക മേഖലയിലേയ്ക്ക് പ്രവേശിച്ച ഇദ്ദേഹം കഴിഞ്ഞ 45 വർഷമായി കാർഷിക വ്യാവസായിക മേഖലയിലും വ്യാപാര മേഖലയിലും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. ഈ പുരസ്കാരം നേടിയെടുത്തത് ഇടുക്കിയിലുള്ള രാജാക്കാട്-പാലാ എസ്റ്റേറ്റിലെ നവീനമായ ഏലക്കൃഷിയ്ക്കാണ്. കൃഷിയിൽ നിന്നും പുതിയ തലമുറ അകലുമ്പോൾ അദ്ദേഹത്തോടൊപ്പം പുത്രൻ ജോയൽ മൈക്കിളും സജീവമായി കാർഷിക രംഗത്തുണ്ട്. ഏലം കൃഷിയിൽ പുതു വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയയിൽ നിന്നും എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് നേടിയിട്ടുള്ള ജോയൽ.