Politics

പാലക്കാട് :ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് പോകുമോ :അതോ വിരട്ടലാണോ ഉദ്ദേശം ഇന്നറിയാം

പാലക്കാട് ബി ജെ പിയിൽ കടുത്ത പ്രതിസന്ധി. നഗരസഭയിലെ ബി ജെ പി ഭരണമടക്കം തുലാസിലാക്കിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്‍റ് ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തോട് ഇടഞ്ഞ 9 ബി ജെ പി കൗൺസിലർമാർ ഇന്ന് പാർട്ടിക്ക് രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി കൃഷ്ണകുമാറിന്‍റെ ബെനാമിയായ പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിമതർ. പാലക്കാട് ബി ജെ പിയിലെ പ്രതിസന്ധി ‘സന്ദീപ് വാര്യർ’ ഓപ്പറേഷനിലൂടെ ഗുണമാക്കാമെന്ന ചിന്തയിലാണ് കോൺഗ്രസ്. വിമതർ നിലപാട് വ്യക്തമാക്കിയാൽ കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ച് നീക്കുപോക്ക് ഉണ്ടാക്കുമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചിട്ടുണ്ട്.

യുവമോർച്ച ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനെ പാലക്കാട് ബി ജെ പി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ചാണ് നഗരസഭാ കൗൺസിലർമാർ രാജി പ്രഖ്യാപിച്ചത്. നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള ഒൻപത് കൗൺസിലർമാരാണ് പാർട്ടിക്ക് രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചത്. തീരുമാനത്തിൽ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ട് പോയില്ലെങ്കിൽ ഇന്ന് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകും. അങ്ങനെയെങ്കിൽ പാലക്കാട് നഗരസഭയിലെ ബി ജെ പി ഭരണത്തിനും അന്ത്യമാകും.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് പാലക്കാട് ജില്ല പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് വിമത ശബ്ദമുയർത്തുന്നവരുടെ ആക്ഷേപം. 45 ഉം 60 ഉം വയസ്സുളളവരെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കേണ്ടത്. ചുരുങ്ങിയത് 6 വർഷം ബി ജെ പിയിൽ സജീവാംഗത്വവും വേണം. 35 വയസ് മാത്രമുള്ള പ്രശാന്ത് ശിവന് 4 വർഷത്തെ സജീവാംഗത്വം മാത്രമെയുള്ളൂവെന്നാണ് ഇവർ ചൂണ്ടികാട്ടിയിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും പാലക്കാട്ടെ മുതിർന്ന ബി ജെ പി നേതാവ് സി കൃഷ്ണകുമാർ, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആരോപണം. പ്രത്യേകം യോഗം ചേർന്ന കൗൺസിലർമാർ രാജിയുമായി മുന്നോട്ട് പോകുമെന്നാണ് ഇതുവരെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ പുതിയ ജില്ലാ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിൽ ഒരു മാനദണ്ഡവും ലംഘിച്ചട്ടില്ലെന്നാണ് നിലവിലെ ജില്ലാ പ്രസി‍ഡന്‍റ് കെ എം ഹരിദാസ് പറഞ്ഞത്. ആർക്കെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ പരിഹരിക്കും. ആരും ഇതുവരെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും ഹരിദാസ് വിശദീകരിച്ചു.

ആകെ 52 അംഗങ്ങളുളള നഗരസഭയിൽ ബി ജെ പി 28, യു ഡി എഫ് 16, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 7 എന്നിങ്ങനെയാണ് കക്ഷിനില. വിമത ശബ്ദമുയർത്തിയ കൗൺസിലർമാർ രാജിവെക്കുകയാണെങ്കിൽ നഗരസഭയുടെ ഭരണം ബി ജെ പിക്ക് നഷ്ടമാകും. ഇടഞ്ഞ് നിൽക്കുന്നവരെ മറുകണ്ടം ചാടിക്കാൻ സന്ദീപ് വാര്യരെ  മുൻനിർത്തിയുള്ള കോൺഗ്രസ് നീക്കം സജീമാണ്. എന്നാൽ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുക എന്നതിനപ്പുറം പാർട്ടി വിടാനുളള തീരുമാനം അംഗങ്ങൾ എടുക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടേയും അനുമതിയോടെയാണ് എല്ലാ ജില്ലാ പ്രസിഡന്‍റുമാരെയും തീരുമാനിച്ചതെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. അതിനെതിരായി ആരെങ്കിലും സംസാരിച്ചാൽ അവർ പാർട്ടിക്ക് പുറത്തായിരിക്കുമെന്നും പാലക്കാട് നഗരസഭയിൽ ഒന്നും സംഭവിക്കില്ലെന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top