കോട്ടയം: മണർകാട് നാലു മണിക്കാറ്റിൽ ഇനി വനിതാ സംരംഭകഗ്രൂപ്പുകളുടെ ഭക്ഷണശാലകളും. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ തൊഴിൽ സംരംഭക ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു വനിതാ തൊഴിൽ സംരംഭകഗ്രൂപ്പുകൾക്ക് നൽകിയ 9.90 ലക്ഷം രൂപ ധനസഹായം ഉപയോഗിച്ചാണ് ഭക്ഷണസ്റ്റാളുകൾ ആരംഭിച്ചത്. സംരംഭകഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്’ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ശുചിത്വമാനദണ്ഡങ്ങൾ പാലിച്ചും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയും ഭക്ഷണ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുള്ളത്. ലോകനിലവാരമുള്ള തെരുവ് ഭക്ഷണശാലയായി നാലു മണിക്കാറ്റ് ഉയർത്തപ്പെടും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് അധ്യക്ഷയായി. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു അനിൽകുമാർ, രാജീവ് രവീന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ്, കേരള ഗ്രാമീണ ബാങ്ക് മാനേജർ വേണുഗോപാൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി.ജി. മിനിമോൾ, നാലുമണിക്കാറ്റ് പ്രസിഡന്റ് ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു.