കൊല്ലത്ത് സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. കൊല്ലം കോർപ്പറേഷനിലെ മേയർ പദവി സംബന്ധിച്ചാണ് ഭരണമുന്നണിയിലെ പ്രധാന പാർട്ടികൾ തമ്മിൽ തർക്കം രൂക്ഷമാകുന്നത്. ഇടത് മുന്നണിയിലെ ധാരണ അനുസരിച്ച് കൊല്ലം കോർപ്പറേഷനിൽ മേയർ പദവി ആദ്യ നാലുവർഷം സിപിഎമ്മിനും അവസാന ഒരു വർഷം സിപിഐക്കുമാണ്. എന്നാൽ, നാലു വർഷം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിലവിലെ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെക്കാൻ തയ്യാറാകാത്തതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശമില്ലെന്ന് മേയറും സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമില്ലെന്ന് സിപിഎം ജില്ലാ നേതൃത്വവും ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചതോടെ കടുത്ത നിലപാടിലേക്ക് കടക്കണമെന്ന വികാരം സിപിഐയിലും ശക്തമാണ്.
കഴിഞ്ഞ ദിവസം ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ മേയർ പദവി വിട്ടുനൽകാത്ത സിപിഎം നിലപാടിനെതിരെ നേതാക്കൾ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. സിപിഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് സിപിഐ നേതാക്കൾ തുറന്നടിച്ചു. എന്നാൽ, മേയർ പദവി വെച്ചുമാറുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിൻറെ മറുപടി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് നേതാക്കൾ സിപിഎമ്മിൻറെ നിലപാടിനെതിരെ രംഗത്തെത്തിയത്. മുന്നണി ധാരണ പാലിക്കാൻ സിപിഎം തയ്യാറായില്ലെങ്കിൽ പാർട്ടിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനവും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും ഒഴിഞ്ഞ് മാറിനിൽക്കുമെന്ന മുന്നറിയിപ്പ് വരെ നേതാക്കൾ നൽകി. എന്നാൽ മുന്നണി ധാരണ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് സിപിഎം ജില്ലാ നേതൃത്വം ഒഴിഞ്ഞു മാറുകയാണ്. മേയർ സ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നാണ് ജില്ലാ നേതൃത്വത്തിൻറെ വിശദീകരണം.
സിപിമ്മിൻറെ സംസ്ഥാന സമ്മേളനം മാർച്ച് ആദ്യവാരം കൊല്ലത്ത് നടക്കുകയാണ്. സമ്മേളനം കഴിയുന്നതുവരെ പ്രസന്ന ഏർണസ്റ്റ് മേയർ സ്ഥാനം ഒഴിഞ്ഞേക്കില്ലെന്ന അഭ്യൂഹത്തെ തുർന്നാണ് നിലപാട് കടുപ്പിക്കാനുള്ള സിപിഐയുടെ തീരുമാനം. സിപിഎം ജില്ലാ നേതൃത്വത്തിന് സിപിഐ ഉടൻ കത്ത് നൽകും. മുന്നണി ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രണ്ടര വർഷം വീതം സിപിഎമ്മിനും സിപിഐയ്ക്കുമെന്നാണ്. കാലാവധി പൂർത്തിയായപ്പോൾ തന്നെ സപിഐ പ്രസിഡൻറ് സ്ഥാനം സിപിഎമ്മിനായി ഒഴിഞ്ഞു കൊടുത്തിരുന്നു.