Kerala
പാലാ സെന്റ് തോമസ് സ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയ്ക്ക് നേരേ നടന്ന അതിക്രമം അതീവ ഗൗരവതരം:ബി.ജെ.പി പാലാ മണ്ഡലം പ്രസിഡൻ്റ് അഡ്വ ജി അനീഷ്
പാലാ :സഹപാഠികളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും വിവസ്ത്രനാക്കി നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തി പ്രചരിപ്പിച്ച നടപടി അതീവ ഗൗരവത്തിൽ കാണണമെന്ന് ബിജെപി പാലാ മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷ് അഭിപ്രായപ്പെട്ടു. പാലായിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തകൃതിയായി നടക്കുന്നു എന്ന വിവരങ്ങൾ പല തവണ പുറത്തു വന്നതാണ്. ഈ സംഭവത്തിലും അത്തരം ലഹരിയുടെ കാണാച്ചരടുകൾ ഉണ്ടോ എന്ന് സ്കൂൾ അധികൃതരും പോലീസും പരിശോധിച്ച് വ്യക്തത വരുത്തേണ്ടതാണ്.
റാഗിംഗിന് സമാനമായ അതിക്രമം അഴിച്ചു വിട്ട സഹപാഠികളുടെ പ്രവർത്തി നിയന്ത്രിക്കുന്നതിൽ സ്കൂൾ അധികൃതരും പരാജയപ്പെട്ടു. മൊബൈൽ ഫോൺ സമ്പൂർണ്ണമായി നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിൽ അവ നിർബാധം ഉപയോഗിക്കുന്നു എന്നതിൻ്റെ ദൃഷ്ടാന്തമാണ് പുറത്തു വന്ന ചിത്രങ്ങളും, വീഡിയോയും. ഇനിയും ഇത്തരം ഹീനകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളും,
കൗൺസിലിംഗ്, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ അടിയന്തിരമായി ചെയ്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇന്ന് തെരുവുകളിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷങ്ങളിൽ ഏർപ്പെടുന്നത് നിത്യ സംഭവമായതിനാൽ ഒരു ക്രമസമാധാന പ്രശ്നമായും ഇത്തരം സംഭവങ്ങൾ വളരാൻ ഇടയാവാതെ അധികൃതരും രക്ഷിതാക്കളും ജാഗ്രത പാലിക്കണം.