കോട്ടയം: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അഭിനന്ദനാർഹമായ പങ്കാണ് വഹിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യം, മൃഗസംരക്ഷണം,ഫിഷറീസ്,ക്ഷീര വികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ.
പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന കാർഷിക ഉത്പന്ന വിപണന കേന്ദ്രം (ഹൂണാർ ഹബ്ബ് ), വനിതാ നൈപുണ്യ വികസന കേന്ദ്രം എന്നിവയുടെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം പത്തുവർഷത്തിനിടെ 11 ലക്ഷം സംരഭങ്ങൾ തുടങ്ങിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഈരാറ്റുപേട്ട കടുവാമൂഴിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹായത്തോടെയുള്ള പി.എം. ജെ. കെ. പദ്ധതി കേരളത്തിൽ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് അദ്ദഹേം പറഞ്ഞു.
ആൻ്റോ ആൻ്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹ്റാ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, നഗരസഭാ അംഗങ്ങളായ ഫസിൽ റഷീദ്, സജീർ ഇസ്മായിൽ, നാസർ വെള്ളൂ പറമ്പിൽ, അനസ് പാറയിൽ, എസ്.കെ. നൗഫൽ, അബ്ദുൾ ലത്തീഫ്, ഷൈമ, ലീന ജെയിംസ്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.
കാർഷിക വ്യാപാര,സംരംഭകത്വ മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാരംഭിക്കുന്ന ഹുണാർ ഹബ്ബിന് 262.60 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കടുവാമൂഴി ബസ് സ്റ്റാൻഡിനോടു ചേർന്ന് 28 മുറികളുള്ള ഇരുനിലക്കെട്ടിടമാണ് നിർമ്മിക്കുന്നത്.
വനിതകളുടെ നൈപുണ്യവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനായുള്ള വനിതാ നൈപുണ്യ വികസന കേന്ദ്രത്തിന് 31.85 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കടുവാമൂഴിയിലെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സിൻ്റെ രണ്ടാം നില നവീകരിച്ചാണ് കേന്ദ്രം ആരംഭിക്കുന്നത്.
ഫോട്ടോ ക്യാപ്ഷൻ :
ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന കാർഷിക ഉത്പന്ന വിപണന കേന്ദ്രം വനിതാ നൈപുണ്യ വികസന കേന്ദ്രം എന്നിവയുടെ നിർമാണോദ്ഘാടനം കേന്ദ്ര ന്യൂനപക്ഷ കാര്യം, മൃഗസംരക്ഷണം,ഫിഷറീസ്,ക്ഷീര വികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കുന്നു. സംസ്ഥാന കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, ആൻ്റോ ആൻ്റണി എംപി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹ്റാ അബ്ദുൽ ഖാദർ എന്നിവർ സമീപം