Kerala
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിക്കാൻ നടപടികൾ തുടങ്ങി:മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റി
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിക്കാൻ നടപടികൾ തുടങ്ങി. ഫോറൻസിക് ഫിംഗർ പ്രിന്റ് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സമാധി മണ്ഡപം മറച്ച പൊലീസ്, നടപടികൾ തുടങ്ങാനുള്ള ശ്രമത്തിലാണ്. രാവിലെ10 മണിക്ക് മുമ്പ് കല്ലറ തുറന്ന് നടപടി പൂർത്തിയാക്കും. മൃതദേഹം പുറത്തെടുത്താൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആർഡിഒ എത്തിയാൽ ഉടൻ സമാധി പൊളിക്കാനാണ് നിലവിലെ തീരുമാനം. അതേസമയം, മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റി.
കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. കല്ലറ തുറന്ന് പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം.