Kerala
സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി അമ്പലപ്പുഴ,ആലങ്ങാട് സംഘങ്ങളുടെ ശീവേലി
മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി അമ്പലപ്പുഴ,ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നളളത്ത്.ബുധനാഴ്ച വൈകിട്ട് അഞ്ചിന് മാളികപ്പുറം മണി മണ്ഡപത്തിൽ നിന്നും സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയരായി കരുതപ്പെടുന്ന അമ്പലപ്പുഴ സംഘത്തിന്റേതായിരുന്നു ആദ്യ എഴുന്നള്ളത്ത്.
സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ മുന്നൂറോളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാളികപ്പുറം മേൽശാന്തി പൂജിച്ചുനൽകിയ തിടമ്പും പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം എത്തിയ കൊടിക്കൂറയും എഴുന്നളളിച്ചു.സാമിമാരും മാളികപ്പുറങ്ങളും ക൪പ്പൂരതാലം ഏന്തി എഴുന്നള്ളത്തിൽ അണിനിരന്നു.പതിനെട്ടാം പടിയിൽ ക൪പ്പൂരാരതി നടത്തി.
ക്ഷേത്രം പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു.മാളികപ്പുറത്തു നിന്ന് തിരികെ എത്തി തിരുവാഭരണം ചാ൪ത്തിയ അയ്യപ്പവിഗ്രഹം ദ൪ശിച്ച് വിരിയിൽ എത്തി ക൪പ്പൂരാഴി പൂജ നടത്തിയതോടെ പത്തുനാൾ നീണ്ട അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീ൪ഥാടനത്തിന് സമാപനമായി.മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമായിരുന്നു എഴുന്നള്ളത്ത്.
അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് സംഘത്തിന്റെ ക൪പ്പൂര താലം എഴുന്നള്ളത്തും സന്നിധാനത്ത് നടന്നു.പെരിയോൻ എ കെ വിജയകുമാർ സ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പനെ ഭജിച്ച് നീങ്ങിയ 250 ഓളം വരുന്ന സംഘം ഭക്തിയുടെ നിറവിൽ ചുവടുവച്ചു.മാളികപ്പുറത്ത് മണിമണ്ഡപത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം എത്തിയ തിടമ്പും ചാ൪ത്തിയാണ് ക൪പ്പൂര താലം എഴുന്നളളിയത്.
ശുഭ്രവസ്ത്രം ധരിച്ച് ക൪പ്പൂര താലമേന്തി യോഗാംഗങ്ങൾ അണിനിരന്നു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയിൽ എത്തിയ ശേഷം പടികൾ കഴുകി ക൪പ്പൂര പൂജയും ആരാധനയും നടത്തി.തുട൪ന്ന് അയ്യപ്പദ൪ശന ശേഷം മാളികപ്പുത്തേക്ക് മടങ്ങി.