പാലാ :അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണോമസിലെ ജിമ്മി ജോർജ് സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, പാലാ അൽഫോൻസാ കോളേജ് എന്നീ മൂന്ന് വേദികളിൽ അരങ്ങേറുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സി. റ്റി അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫികളുടെ പ്രകാശനം പാലാ എം. എൽ.എ ശ്രീ മാണി സി കാപ്പൻ നിർവഹിച്ചു. ടൂർണമെന്റിന്റെ ലോഗോ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ ജോജി അലക്സ് പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ്, സിൻഡിക്കേറ്റ് അംഗം ഡോ ബാബു മൈക്കിൾ, സർവ്വകലാശാല കായിക വിഭാഗം മേധാവി ഡോ ബിനു ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന മത്സരത്തിൽ കാലിക്കറ്റ് സർവകലാശാല ഗ്വാളിയാർ എൽ.എൻ.ഐ.പി.ഇ സർവകലാശാലയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കീഴടക്കി തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കി. സ്കോർ 25-22, 25-20, 25-20.
തിങ്കളാഴ്ച രാവിലെ നടന്ന മത്സരത്തിൽ എൽ എൻ ഐ പി ഇ ഗ്വാളിയോർ നേരിട്ടുള്ള സെറ്റുകൾക്ക് മഹാരാജ ശ്രീറാം യൂണിവേഴ്സിറ്റി ഒഡീഷയെ പരാജയപ്പെടുത്തി ടൂർണമെന്റ് ലെ ആദ്യ വിജയം നേടി. സ്കോർ 25 -14, 25-14, 25-15. രണ്ടാം മത്സരത്തിൽ ജേതാക്കളായ കരുത്തുരായ ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റി അമൃസർനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് അട്ടിമറിച്ച് കേരള യൂണിവേഴ്സിറ്റി തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കി.
മദ്രാസ് യൂണിവേഴ്സിറ്റി ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് ആർ.ടി.എം നാഗ്പൂർ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. സ്കോർ 25- 16, 28- 26, 25 -12. നാലാം മത്സരത്തിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ രാജസ്ഥാനിൽ നിന്നുള്ള ശ്രീ കുശാൽ ദാസ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. 25- 23, 22- 25, 19- 25, 17-25, 15- 12.
അഞ്ചാം മത്സരത്തിൽ നാല് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡീഗഡ് മഹാത്മാഗാന്ധി കാശി വിദ്യാപീട് വാരണാസിയെ പരാജയപ്പെടുത്തി. സ്കോർ 22-25, 28-26, 17-25, 18-25. ടൂർണമെന്റിന്റെ പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങൾ ചൊവ്വാഴ്ച സമാപിക്കും. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 30 മുതൽ ആരംഭിക്കുന്നതാണ്.