കോട്ടയം:_കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുവാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി.യുഡിഎഫ് നേതൃത്വത്തിനായി വലിയ തമ്മിലടിയാണ് നടക്കുന്നത് .ഈ കലഹത്തിന് മറയിടാനാണ് കേരള കോൺഗ്രസിനെക്കറിച്ച് വ്യാജവാർത്തകൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്. കേരളാ കോൺഗ്രസ് എം മുന്നണി മാറുന്നു എന്ന തരത്തിലുള്ള വ്യാജവാർത്തകൾ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്.യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ നട്ടെല്ല് കെഎം മാണിയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ അനന്തരാവകാശികളും ആണെന്ന് ചിലർ തിരിച്ചറിഞ്ഞിരിക്കുന്നു.
ആവർത്തിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടും ഒരേ തരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ വീണ്ടും പ്രചരിപ്പിക്കുന്നു . രാജ്യത്തെ ഇടത് മതേതര ജനാധിപത്യ സംഘടനകളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കിയാണ് എൽഡിഎഫ് ഘടകകക്ഷി എന്ന നിലയിൽ കേരള കോൺഗ്രസ് എം സംസ്ഥാനത്തും പദേശീയതലത്തിൽ ഇൻഡ്യാ മുന്നണിയുടെയും അഭിഭാജ്യ ഘടകമായി പ്രവർത്തിക്കുന്നത്.യുഡിഎഫിൽ നിന്നും പാർട്ടിയെ അകാരണമായി പുറത്താക്കിയപ്പോൾ ഉറച്ച രാഷ്ട്രീയ നിലപാട് സ്വീകരിച്ചാണ് കേരള കോൺഗ്രസ് എം എൽഡിഎഫിൽ ഘടകകക്ഷിയായത്.
അന്നത്തെ ആ രാഷ്ട്രീയ സാഹചര്യം ഒരു മാറ്റവും കൂടാതെ ഇപ്പോഴും നിലനിൽക്കുന്നു. മാത്രമല്ല വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്_നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അതിശക്തമായ എൽഡിഎഫ് മുന്നേറ്റത്തിനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നത്. ഈ ഭയാശങ്കയാണ് പാർട്ടിയെക്കുറിച്ച് വ്യാജവാർത്തകൾ നിരന്തരം പ്രചരിപ്പിക്കുവാൻ ചിലരെ പ്രേരിപ്പിക്കുന്നതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.കേരളത്തിലെ ഒരു നിയമസഭാ സീറ്റിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള വ്യാജ പ്രചരണം ജനിക്കാത്ത കുഞ്ഞിൻ്റെ ജാതകം കുറിക്കലിന് സമമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി ജോസ് കെ മാണി പറഞ്ഞു