ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത തുടരുകയാണ്.
കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും സാഹചര്യം നേരിടാൻ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച കുട്ടിക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം.
ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ ബെംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളുരു യെലഹങ്കയിലെ ആശുപത്രിയിൽ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുഞ്ഞുങ്ങൾക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു.