ശ്വാസതടസ്സത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള വെള്ളാപ്പള്ളിയുമായി 15 മിനിട്ടോളം മുഖ്യമന്ത്രി സംസാരിച്ചു.കൊല്ലത്ത് നടന്ന യോഗത്തിന്റെ തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം ശനിയാഴ്ച രാത്രി വൈകി കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് വെച്ചാണ് വെള്ളാപ്പള്ളിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സക്ക് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.യൂറിനറി ഇൻഫെക്ഷനും ചെറിയ പനിയുമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടാണ് ശ്വാസതടസ്സമുണ്ടായതെന്നും രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.